എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ ശക്തരായത് കൊണ്ട് ഇവര്‍ തഴയപ്പെട്ടു കൂടാ; പിന്തുണയുമായി ടൊവിനോ

New Update

publive-imageഗുസ്തി

താരങ്ങള്‍ക്ക് പിന്തുണയുമായി നടന്‍ ടൊവിനോ തോമസും. അന്താരാഷ്ട്ര കായിക വേദികളില്‍ നമ്മുടെ യശസ്സ് ഉയര്‍ത്തി പിടിച്ചവരാണ്, ഏതൊരു സാധാരണക്കാരനും ലഭിക്കുന്ന നീതി അവര്‍ക്ക് ലഭിക്കാതെ പോകരുത് എന്നാണ് ടൊവിനോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

Advertisment

”അന്താരാഷ്ട്ര കായിക വേദികളില്‍ നമ്മുടെ യശസ്സ് ഉയര്‍ത്തി പിടിച്ചവരാണു, ഒരു ജനതയുടെ മുഴുവന്‍ പ്രതീക്ഷകള്‍ക്ക് വിജയത്തിന്റെ നിറം നല്‍കിയവര്‍! ആ പരിഗണനകള്‍ വേണ്ട, പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അര്‍ഹിക്കുന്ന നീതി ഇവര്‍ക്ക് ലഭിക്കാതെ പോയിക്കൂടാ, എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ ശക്തരായത് കൊണ്ട് ഇവര്‍ തഴയപ്പെട്ടു കൂടാ” എന്നാണ് ടൊവിനോയുടെ വാക്കുകള്‍.

നേരത്തെ നടി അപര്‍ണ ബാലമുരളി, സംവിധായിക അഞ്ജലി മേനോന്‍, നടന്‍ ഹരീഷ് പേരടി എന്നിവര്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഗുസ്തി താരങ്ങള്‍ ഇത്തരത്തില്‍ അപമാനത്തിന് വിധേയരാകുന്നത് കാണുന്നത് ഹൃദയഭേദകമാണ്. അവര്‍ക്ക് അര്‍ഹമായ നീതി നേടിക്കൊടുക്കണം എന്നായിരുന്നു അഞ്ജലി മേനോന്‍ കുറിച്ചത്.

നമ്മുടെ ചാമ്പ്യന്മാരോട് ഇത്തരത്തില്‍ പെരുമാറുന്നത് കാണുമ്പോള്‍ ഹൃദയം നുറുങ്ങുന്നു എന്നായിരുന്നു അപര്‍ണ കുറിച്ചത്. ”അനീതികള്‍ക്കെതിരെയുള്ള സമരങ്ങളോളം വലിയ ഒരു ലഹരിയും മനുഷ്യായുസ്സില്‍ ഇല്ല… രാജ്യത്തിന്റെ അഭിമാനങ്ങളായ ഗുസ്തി താരങ്ങളോടൊപ്പം” എന്നാണ് ഹരീഷ് പേരടി കുറിച്ചത്.

Advertisment