രോഹിതിന് പരിക്കോ? നാളെത്തെ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ കളിക്കില്ലേ?

New Update

publive-image

സിഡ്‌നി: ലണ്ടനിലെ ഓവലിൽ ആസ്‌ത്രേലിയക്കെതിരെയുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നാളെ നടക്കാനിരിക്കെ ഇന്ത്യൻ ആരാധകർക്ക് ആധി നൽകുന്നൊരു ചിത്രം ഇന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ഇന്ത്യൻ പടയുടെ നായകൻ രോഹിത് ശർമ തന്റെ ഇടംകയ്യിന്റെ തള്ളവിരലിൽ ബാൻഡേജ് ചുറ്റുന്നതാണ് ചിത്രം. ഇന്നത്തെ പരിശീലന സെഷനിടെയാണ് കൈയ്ക്ക് പരിക്കേറ്റത്.നെറ്റ് സെഷനിൽ ബാറ്റ് ചെയ്യുന്നതിനിടെ ചെറിയ പരിക്കേറ്റതോടെ താരം പരിശീലനം തുടർന്നില്ലെന്നാണ് റിപ്പോർട്ട്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. 35കാരനായ താരം ബാൻഡേജ് പിന്നീട് നീക്കിയിട്ടുണ്ട്. സുപ്രധാന ഫൈനലിൽ വിജയത്തിൽ കുറഞ്ഞൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. അതിനാൽ തന്നെ ചെറിയ കാര്യങ്ങൾ പോലും ഗൗരവത്തോടെയാണ് ടീം കാണുന്നത്.

Advertisment

നിർബന്ധമല്ലാത്ത പരിശീലന സെഷനിൽ വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷർദുൽ താക്കൂർ എന്നിവരൊന്നും പങ്കെടുത്തിരുന്നില്ല. രോഹിതിന് പുറമേ കെ.എസ്. ഭരത്, രവിചന്ദ്രൻ അശ്വിൻ, ഉമേഷ് യാദവ് എന്നിവർ പങ്കെടുത്തിരുന്നു.

അതിനിടെ, പരിക്കേറ്റ ആസ്‌ത്രേലിയൻ സ്റ്റാർ പേസ് ബൗളർ ജോഷ് ഹേസിൽ വുഡ് പരിക്കേറ്റ് ടീമിൽ നിന്ന് പുറത്തായിരുന്നു. ഓൾറൗണ്ടർ മൈക്കിൾ നെസറാണ് പകരക്കാരൻ. അതേസമയം നെസറിന് അന്തിമ ഇലവനിൽ ഇടം നേടാനാകുമോ എന്ന് വ്യക്തമല്ല. സ്‌കോട്ട്ബോളൻഡ് പകരക്കാരനായേക്കും. ആഷസ് ടെസ്റ്റിന് മുന്നോടിയായി താരത്തിന് പരിപൂർണ വിശ്രമം അനുവദിക്കുകയാണെന്നാണ് ആസ്ത്രേലിയൻ ചീഫ് സെലക്ടർ ജോർജ് ബെയ്ലി വ്യക്തമാക്കുന്നത്. ഈ മാസം 16ന് എഡ്ജ്ബാസ്റ്റണിലാണ് ആഷസ് പരമ്പര ആരംഭിക്കുന്നത്. ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായി മൂന്ന് മത്സരങ്ങളിലെ ഹേസിൽവുഡിന് കളിക്കാനായുള്ളൂ. പരിക്ക് വില്ലനായതോടെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് താരം വിട്ടുനിന്നു. ഫിറ്റ്നസ് വീണ്ടെടുക്കുന്ന മുറക്ക് താരത്തെ ടീമിലേക്ക് പരിഗണിക്കാനായിരുന്നു ആസ്ത്രേലിയൻ സെലക്ടർമാരുടെ തീരുമാനം.

Advertisment