പാരിസ്: സൂപ്പർ താരങ്ങളുടെ കൂടുമാറ്റ നീക്കങ്ങൾക്കിടെ ഫ്രഞ്ച് കരുത്തരായ പി.എസ്.ജിയെ ഞെട്ടിച്ച് കിലിയൻ എംബാപ്പെ. ക്ലബുമായുള്ള കരാർ പുതുക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് താരം. 2024ൽ താരത്തിന്റെ കരാർ അവസാനിക്കാനിരിക്കെയാണ് കത്തുമുഖേന എംബാപ്പെ മാനേജ്‌മെന്റിനെ ഇക്കാര്യം അറിയിച്ചത്.
അടുത്ത വർഷം കരാർ തീരാനിരിക്കെയാണ് പി.എസ്.ജിക്ക് ഷോക്കായി എംബാപ്പെയുടെ കത്ത് വരുന്നത്. 2024 ജൂണിലാണ് കരാർ കാലാവധി അവസാനിക്കുന്നത്. ഇതിനുശേഷം താരം കരാർ നീട്ടുമെന്ന പ്രതീക്ഷയിലായിരുന്നു മാനേജ്‌മെന്റ്. എന്നാൽ, കരാർ പുതുക്കാനില്ലെന്നാണ് ക്ലബിന് അയച്ച കത്തിൽ എംബാപ്പെ വ്യക്തമാക്കിയിരിക്കുന്നത്. ഫ്രഞ്ച് മാധ്യമമായ 'ലെ ക്വിപ്പ്' ആണ് വാർത്ത പുറത്തുവിട്ടത്.
ഇതോടെ കടുത്ത തീരുമാനത്തിലേക്ക് പി.എസ്.ജി കടന്നേക്കുമെന്നാണ് ലെ ക്വിപ്പ് റിപ്പോർട്ട് ചെയ്യുന്നത്. താരത്തെ ഫ്രീ ഏജന്റാക്കി വിടുന്നത് ക്ലബിന് വലിയ നഷ്ടമാകും. ഇതിനാൽ, നിലവിലെ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ താരത്തെ വിൽക്കാനൊരുങ്ങുകയാണ് പി.എസ്.ജി. ഒന്നുകിൽ എംബാപ്പെ കരാർ പുതുക്കണം. അല്ലെങ്കിൽ താരത്തെ വിൽക്കുമെന്ന നിലപാടിലാണ് ക്ലബെന്ന് ലെ ക്വിപ്പ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
എംബാപ്പെയെ റിലീസ് ചെയ്യുകയാണെങ്കിൽ താരത്തെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് മുന്നിലുണ്ടാകും. താരത്തെ സ്വന്തമാക്കാൻ ഇതിനുമുൻപും രണ്ടു തവണ റയൽ നീക്കംനടത്തിയിരുന്നു. ക്ലബ് പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരെസ് അറിയപ്പെട്ട എംബാപ്പെ ആരാധകൻ കൂടിയാണ്. കരീം ബെൻസേമ സൗദിയിലേക്ക് കൂടുമാറിയ ഒഴിൽ കൃത്യമായ പകരക്കാരനാകും എംബാപ്പെയന്ന വിലയിരുത്തൽ റയലിനകത്തുണ്ട്.