തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ തന്നെ പ്രതി ചേർത്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കേസിൽ മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ട്. മോൻസൺ മാവുങ്കൽ തന്റെ പേര് എവിടെയും പറഞ്ഞിട്ടില്ല. പരാതിക്കാരനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും കെ.സുധാകരൻ പറഞ്ഞു.
''മോൻസൻ എവിടെയും എന്‍റെ പേര് പറഞ്ഞിട്ടില്ല. ആരോപണം തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കാൻ തയ്യാറാണ്. ഒരുപാട് വിഐപികൾ പോകുന്ന സ്ഥാപനമാണ് മോൻസന്‍റേത്. ഞാനും ചികിത്സക്ക് പോയിരുന്നു. വ്യാജ ഡോക്ടറാണെന്ന് പിന്നീടാണ് അറിഞ്ഞത്. ക്ഷമ പറഞ്ഞത് കൊണ്ടാണ് അന്ന് വ്യാജ ഡോക്ടറായിരുന്ന മോൻസനെതിരെ കേസ് കൊടുക്കാതിരുന്നത്''
കേസിനു പിന്നിൽ ഗൂഢാലോചനയാണ്. കേസ് കണിച്ച് ഭയപ്പെടുത്താമെന്ന് കരുതേണ്ട. നാളെ ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ ഹാജരാകില്ലെന്നും സുധാകരൻ പറഞ്ഞു.
കാലം കരുതി വെച്ചത് കാത്തിരിക്കുന്നു എന്ന് പിണറായി ഓർക്കണം. കേസ് കണിച്ച് ഭയപ്പെടുത്താമെന്ന് കരുതേണ്ട. കേസിനെ കുറിച്ച് പഠിച്ച് നിയമപരമായി മുന്നോട്ട് പോകും. ഈ കേസ് നിഷ്പ്രയാസം മറികടക്കും. ഒരുപാട് കടൽ താണ്ടിയവനാണ് ഞാൻ. അത്രയ്ക്ക് വരില്ലല്ലോ ഈ കേസ്. അവിടെ പോയ എല്ലാവർക്കെതിരെയും കേസെടുത്തില്ലല്ലോ. ഒരു വിഭാഗത്തെ തെരഞ്ഞുപിടിക്കുന്നു... എല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്. നാളെ ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ ഹാജരാകില്ല- കെ.സുധാകരൻ കൂട്ടിച്ചേർത്തു.
ബുധനാഴ്ച ചോദ്യം ചെയ്യലിന് കളമശേരി ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം സുധാകരന് നോട്ടീസ് നൽകിയിരുന്നു എങ്കിലും നാളെ ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരാകേണ്ടതില്ലെന്നും കേസിന്റെ രേഖകൾ ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കാനുമാണ് സുധാകരന്റെ തീരുമാനം.