യുവേഫ നേഷൻസ് ലീഗിന്റെ രണ്ടാം സെമി ഫൈനലിൽ നിലവിലെ യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെ തകർത്ത് ഫൈനലിലേക്ക് യോഗ്യത നേടി സ്പെയിൻ. പ്രതിരോധത്തിന് പേരുകേട്ട ഇറ്റാലിയൻ നിരക്കെതിരെ സ്പെയിനിന്റെ വിജയം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്. പകരക്കാരനായി എത്തി അവസാന നിമിഷങ്ങളിൽ ഗോൾ നേടിയ ജോസെലുവാണ് ടീമിന്റെ വിജയശില്പി. ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ പരിശീലകൻ ലൂയിസ് എൻറിക്കക്ക് പകരം നിയമിതനായ ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ കീഴിൽ ആദ്യത്തെ ഫൈനലിലേക്കാണ് സ്പെയിൻ കുതിക്കുന്നത്. നെതെർലാൻഡ്സിനെ തോല്പിച്ചെത്തുന്ന ക്രോയേഷ്യയാണ് ഫൈനലിൽ സ്പെയിനിന്റെ എതിരാളികൾ.
മാർച്ചിൽ കളിച്ച അവസാന മത്സരത്തിൽ നിന്നും തികച്ചും വ്യതസ്തമായ ടീമിനെയാണ് ഇന്ന് സ്പെയിൻ കളത്തിൽ ഇറക്കിയത്. അന്ന് സ്കോട്ലൻഡിനോട് തോറ്റ മത്സരത്തിൽ കളിച്ച യേറെമി പിനോയും റോഡ്രിയും മാത്രമാണ് ഇന്നത്തെ മത്സരത്തിൽ ഇറങ്ങിയത്. ജോർഡി ആൽബയായിരുന്നു ടീമിന്റെ നായകൻ. ഇറ്റലിയും സമാനമായി കഴിഞ്ഞ മത്സരത്തിൽ നിന്നും ഒൻപത് മാറ്റങ്ങൾ ടീമിൽ വരുത്തിയിരുന്നു. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ആദ്യ ലീഡ് എടുത്തത് സ്പെയിൻ ആയിരുന്നു. മൂന്നാം മിനുട്ടിൽ യേറെമി പിനോ സ്പെയിനിനായി ഗോൾ നേടി. എന്നാൽ, ആ ഗോളത്തിന്റെ ആവേശം കെട്ടടങ്ങുമ്പോഴേക്കും ഇറ്റലി സമനില ഗോൾ കണ്ടെത്തി. ഇറ്റാലിയൻ പ്രതിരോധ താരം ബോണുച്ചി ഉയർത്തിവിട്ട പന്ത് സാനിയോളോ ബോക്സിലേക്ക് തൊടുക്കുന്നതിനിടെ സ്പെയിൻ താരം ലെ നോർമാൻഡിന്റെ കയ്യിൽ തട്ടി. റഫറി അനുവദിച്ച പെനാൽറ്റി സിറോ ഇമൊബൈൽ ലക്ഷ്യത്തിൽ എത്തിച്ചു.
തുടർന്ന്, വിജയഗോൾ കണ്ടെത്താനായി സ്പെയിൻ കിണഞ്ഞു ശ്രമിച്ചെങ്കിലും പേരുകേട്ട ഇറ്റാലിയൻ പ്രതിരോധം അതെല്ലാം വിഫലമാക്കി. അധികസമയത്തേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച മത്സരത്തിനതിന്റെ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ പകരക്കാരനായി എത്തിയ എസ്പാന്യോൽ സ്‌ട്രൈക്കർ ജോസെലു 88-ാം മിനുട്ടിൽ വിജയഗോൾ നേടി.