മുൻ കാമുകിയുടെ അശ്ലീല വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

New Update

publive-image

ന്യൂഡൽഹി: മുൻ കാമുകിയുടെ അശ്ലീല വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. സാകേത് സ്വദേശി കുമാർ അവിനാഷ് (24) ആണ് പിടിയിലായത്. യുവതിയെ അപകീര്‍ത്തിപ്പെടുത്താനും അതിലൂടെ വിവാഹം ചെയ്തു നൽകാന്‍ വീട്ടുകാരിൽ സമ്മർദം ചെലുത്താനുമായിരുന്നു ശ്രമം. സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുണ്ടാക്കി മോശം ചിത്രങ്ങളും വിഡിയോകളും പോസ്റ്റ് ചെയ്യുകയും ഒപ്പം യുവതിയുടെയും അമ്മയുടെയും ഫോൺ നമ്പർ നൽകുകയുമായിരുന്നു.

Advertisment

അജ്ഞാത നമ്പറുകളിൽനിന്ന് വിളിയും മെസേജുകളും തുടര്‍ച്ചയായി വന്നതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ തന്റെ വ്യാജ പ്രൊഫൈലുകൾ നിർമിച്ചതായും യുവതി കണ്ടെത്തി. പരാതി ലഭിച്ചതിനെ തുടര്‍ന്ന്, ഐ.പി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടാനായതെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ രോഹിത് മീന പറഞ്ഞു.

കോളജിൽ ഒരുമിച്ച് പഠിക്കുമ്പോൾ യുവാവും പെൺകുട്ടിയും പ്രണയത്തിലായിരുന്നു. എന്നാൽ, വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പെൺകുട്ടി ബന്ധത്തില്‍നിന്ന് പിന്മാറി. തുടർന്നാണ് അപകീർത്തിയുണ്ടാക്കി സമ്മർദം ചെലുത്തി വിവാഹം കഴിക്കാൻ പ്രതി ശ്രമിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തി. പ്രതിയുടെ രണ്ട് മൊബൈൽ ഫോണുകളും ലാ‌പ്‌ടോപും പൊലീസ് പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Advertisment