തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് മൃഗശാല വിട്ടതായി സംശയം. കഴിഞ്ഞ ദിവസങ്ങളിൽ ഇരുന്ന ആഞ്ഞിലി മരത്തിൽ ഇന്ന് രാവിലെ മുതൽ ഹനുമാൻ കുരങ്ങിനെ കാണുന്നില്ലെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. കുറവൻകോണം, അമ്പലമുക്ക് എന്നീ ഭാഗങ്ങളില്‍ തെരച്ചിൽ നടക്കുന്നുണ്ട് എന്നാണ് വിവരം.
ചൊവ്വാഴ്ച്ച പരീക്ഷണ അടിസ്ഥാനത്തിൽ കൂട് തുറക്കുന്നതിനിടെയാണ് അക്രമസ്വഭാവമുള്ള കുരങ്ങ് പുറത്തു ചാടിയത്. മൃഗശാലയ്ക്ക് പുറത്ത് തിരച്ചിൽ തുടരുന്നതിനിടയിൽ കുരങ്ങ് തിരിച്ചെത്തുകയായിരുന്നു. മൃഗശാലയ്ക്കുള്ളിലുള്ള ആഞ്ഞിലിയിലാണ് കുരങ്ങിനെ കണ്ടെത്തിയത്.
കഴിഞ്ഞ നാല് ദിവസം കുരങ്ങ് മൃഗശാലയിലെ വലിയ മരത്തിൽ ഉണ്ടായിരുന്നു. തിരിച്ച് കൂട്ടിലെത്തിക്കാൻ വേണ്ടി പല വഴികളും മൃഗശാല അധികൃതർ നോക്കിയിരുന്നു. എന്നാൽ ഇന്ന് രാവിലെ കുരങ്ങ് മരത്തിൽ നിന്ന് ചാടിപ്പോയതായാണ് സംശയിക്കുന്നത്.
ഇഷ്ടഭക്ഷണം കാണിച്ചിട്ടും ഇരയെ കാണിച്ചിട്ടും, താഴേക്ക് ഇറങ്ങാൻ കുരങ്ങ് കൂട്ടാക്കിയിട്ടില്ല. കുരങ്ങിനെ നിരീക്ഷിക്കുന്നതിനായി രണ്ട് ജീവനക്കാരെ മരത്തിനടുത്ത് ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നു.