പ്രധാനമന്ത്രി ഈജിപ്ത് ഗ്രാന്റ് മുഫ്തിയുമായി കൂടിക്കാഴ്ച നടത്തി

New Update

publive-image

കെയ്‌റോ: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഈജിപ്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രാന്റ് മുഫ്തി ഷൗഖി ഇബ്രാഹീം അബ്ദുൽ കരീം അല്ലാമുമായി കൂടിക്കാഴ്ച നടത്തി. സാമുദായിക സൗഹാർദം പ്രോത്സാഹിപ്പിക്കാനും തീവ്രവാദത്തെ പ്രതിരോധിക്കാനും ആവശ്യമായ കാര്യങ്ങളെക്കുറിച്ച് ഇരുവരും ചർച്ച നടത്തി. ഈജിപ്തിലെ സാമൂഹ്യനീതി മന്ത്രാലയത്തിന് കീഴിൽ ഇസ്‌ലാമിക നിയമ ഗവേഷണത്തിനുള്ള ഉപദേശക സമിതിയായ ദാർ-അൽ-ഇഫ്തയിൽ ഇന്ത്യ ഒരു ഐ.ടി എക്‌സലൻസ് സെന്റർ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി ഗ്രാന്റ് മുഫ്തിയെ അറിയിച്ചു.

Advertisment

ഇന്ത്യയിലെയും ഈജിപ്തിലെയും ജനങ്ങൾ തമ്മിലുള്ള സാംസ്‌കാരിക ബന്ധങ്ങളെക്കുറിച്ചും മതസൗഹാർദം പ്രോത്സാഹിപ്പിക്കുകയും തീവ്രവാദം പ്രതിരോധിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇരുവരും ചർച്ച നടത്തിയെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു. ബഹുസ്വരതയെ പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി സ്വീകരിക്കുന്ന നടപടികളെ ഗ്രാന്റ് മുഫ്തി പ്രശംസിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് മുഫ്തി പറഞ്ഞു. നേരത്തെ ഇന്ത്യയിൽ നടന്ന ഒരു സൂഫി സമ്മേളനത്തിൽ മോദിയുമായി കൂടിക്കാഴ്ച നടത്താനായതിനെക്കുറിച്ചും അദ്ദേഹം അനുസ്മരിച്ചു. രണ്ട് കൂടിക്കാഴ്ചകൾക്കും ഇടയിൽ വലിയ വികസനമാണ് ഇന്ത്യയിൽ ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ സഹവർത്തിത്വം കൊണ്ടുവരുന്നതിനായി പ്രധാനമന്ത്രി സ്വീകരിക്കുന്ന ബുദ്ധിപരമായ നയങ്ങളാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും ഗ്രാന്റ് മുഫ്തി പറഞ്ഞു.

Advertisment