/sathyam/media/post_attachments/FcCPKf0OI0PUJkQAxTxB.jpg)
കൊച്ചി; ലൈഫ് മിഷന്‍ കേസില്‍ അറസ്റ്റിലായി ജയിലില്‍ക്കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം ശിവശങ്കര്‍ സമര്‍പ്പിച്ച ഇടക്കാല ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ചികിത്സാവശ്യത്തിനായി രണ്ടുമാസത്തേക്ക് ജാമ്യം വേണമെന്നാണ് ആവശ്യം.
ശിവശങ്കറിന്റെ ജാമ്യാപേക്ഷ നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്നാണ് ശിവശങ്കര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് ആവശ്യമെങ്കില്‍ ഇടക്കാല ജാമ്യത്തിന് കീഴ്‌ക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇടക്കാല ജാമ്യ ഹര്‍ജി തേടി ശിവശങ്കര്‍ ഹൈക്കോടതിയിലെത്തിയത്.
അതേസമയം ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്ന സുരേഷിന്റെ ജാമ്യം കോടതി നീട്ടിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. സ്വപ്നയെയും സരിത്തിനെയും ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്യാത്തതില്‍ ഇഡിക്കെതിരെ കോടതി രൂക്ഷ വിമര്‍ശനവും ഉയര്‍ത്തിയിരുന്നു. ശിവശങ്കറിനെ അറസ്റ്റ് ചെയ്തിട്ടും മറ്റ് അറസ്റ്റ് രേഖപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് കേസ് പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് ശിവശങ്കര്‍ ഒരുഘട്ടത്തിലും സഹകരിച്ചില്ലെന്നാണ് ഇഡി കോടതിയില്‍ അറിയിച്ചത്. കേസില്‍ ഫെബ്രുവരി 14 നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. യുഎഇ റെഡ് ക്രെസന്റ് നല്‍കിയ 19 കോടിയില്‍ 4.5 കോടി രൂപ കോഴയായി നല്‍കിയാണു സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണക്കരാര്‍ നേടിയതെന്നാണ് ഇഡി കേസ്. ശിവശങ്കറിനു കോഴയായി പണം നല്‍കിയെന്നും ഈ പണമാണു സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറുകളില്‍നിന്നു കണ്ടെത്തിയതെന്നുമാണ് ആരോപണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us