തിരുവനന്തപുരം: മണിപ്പൂരില്‍ രാഹുല്‍ ഗാഡിയെ തടഞ്ഞത് ജനാധിപത്യ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വരുത്തി വെച്ച കലാപമാണ് മണിപ്പൂരിലേത്. രാഹുല്‍ ഗാന്ധിയെ തടഞ്ഞതു കൊണ്ട് മാത്രം എല്ലാം മറച്ചു വെയ്ക്കാമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു.
കലാപഭൂമിയായ ഒരു നാട്ടില്‍ സ്‌നേഹത്തിന്റേയും ഐക്യത്തിന്റേയും സന്ദേശവുമായാണ് രാഹുല്‍ എത്തിയത്. കലാപം കത്തിപ്പടരുമ്പോഴും മൗനം പാലിച്ച പ്രാധാനമന്ത്രിക്കും സംഘപരിവാറിനും സ്‌നേഹ സന്ദേശം മനസിലാകില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വരുത്തി വെച്ച കലാപമാണ് മണിപ്പൂരിലേത്. രാഹുല്‍ ഗാന്ധിയെ തടഞ്ഞതു കൊണ്ട് ആ കളങ്കം ഇല്ലാതാക്കാന്‍ സംഘപരിവാര്‍ ഭരണകൂടത്തിന് സാധിക്കില്ല. വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
നാനാത്വത്തില്‍ ഏകത്വമെന്നത് നമ്മുടെ രാജ്യം ഉയര്‍ത്തിപ്പിടിച്ച മാനവീകതയാണ്. രാഹുല്‍ ഗാന്ധിയെ തടഞ്ഞതു കൊണ്ട് മാത്രം എല്ലാം മറച്ച് വെയ്ക്കാമെന്ന് കരുതരുത്. ഇതൊന്നും കോണ്‍ഗ്രസിനെ ഭയപ്പെടുത്തില്ല. ഇന്ത്യയെന്നാല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസെന്നാല്‍ ഇന്ത്യയാണെന്നും അടിവരയിടുന്നതാണ് രാജ്യത്തെ വര്‍ത്തമാന യാഥാര്‍ഥ്യങ്ങള്‍. സ്‌നേഹത്തിന്റെ സന്ദേശവുമായെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞതിലൂടെ രാജ്യത്തെ പരിഷ്‌കൃത സമൂഹത്തെ സംഘപരിവാര്‍ ഏത് യുഗത്തിലേക്കാണ് നയിക്കുന്നതെന്ന് വി ഡി സതീശന്‍ ചോദിച്ചു.
മണിപ്പൂരിലെ സംഘര്‍ഷ ബാധിത മേഖലയായ ചുരാചന്ദ്പൂരിലേക്കുള്ള യാത്രാമധ്യേ രാഹുലിന്റെ വാഹന വ്യൂഹം മണിപ്പൂര്‍ പൊലീസ് തടഞ്ഞിരുന്നു. തലസ്ഥാനമായ ഇംഫാലില്‍ നിന്നും 20 കിലോ മീറ്റര്‍ അകലെ ബിഷ്ണുപൂരിലാണ് വാഹനം തടഞ്ഞത്. സുരക്ഷാ പ്രശ്നം ഉന്നയിച്ച് സംഘര്‍ഷ സാധ്യതയുള്ള മേഖലയിലേക്ക് രാഹുലിനെ കടത്തിവിടാനാവില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. റോഡ് യാത്രക്ക് അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം ചുരാചന്ദ്പ്പൂരില്‍ എത്തിയ രാഹുല്‍ കലാപത്തിന് ഇരയായവര്‍ കഴിയുന്ന കാമ്പുകളില്‍ സന്ദര്‍ശനം നടത്തി.