കൊച്ചി: കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരായ വിവാദ പരാമർശത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരായ പ്രാഥമിക അന്വേഷണത്തിൽ പരാതിക്കാരന്റെ മൊഴി അന്വേഷണസംഘം ഇന്ന് രേഖപെടുത്തും. പരാതിക്കാരനായ പൊതുപ്രവർത്തകൻ പായിച്ചിറ നവാസിനോട് ഇന്ന് രാവിലെ 11 മണിക്ക് ക്രൈംബ്രാഞ്ചിന്റെ കൊച്ചി ഓഫീസിൽ ഹാജരാകാൻ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. ക്രൈംബ്രാഞ്ച് എറണാകുളം എസ്.പി സാബു മാത്യുവിന്റെ നേതൃത്വത്തിലാണ് പരാതി അന്വേഷിക്കുന്നത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാകും കേസ് എടുക്കണമോയെന്ന കാര്യം തീരുമാനിക്കുക.
മോൻസൺ മാവുങ്കൽ പ്രതിയായ പോക്‌സോ കേസിലെ അതിജീവിത കെ. സുധാകരനെതിരെ രഹസ്യമൊഴി നൽകിയിരുന്നുവെന്നായിരുന്നു എം.വി ഗോവിന്ദന്റെ ആരോപണം. ഇതിന് പിന്നാലെയാണ് പായിച്ചിറ നവാസ് എം.വി ഗോവിന്ദനെതിരെ കാലാപഹ്വനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകിയത്.