/sathyam/media/post_attachments/w5HZPTl3j1YWIoAKdP83.jpg)
കോഴിക്കോട്: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ച് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നേതൃത്വം അഴിച്ചുപണിക്കൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന്റെ മുഖ്യ അജണ്ട. ശനി, ഞായര്‍ ദിവസങ്ങളിൽ നടക്കുന്ന സംസ്ഥാന അദ്ധ്യക്ഷന്മാരുടെ യോഗം സംബന്ധിച്ചും ചര്‍ച്ചയുണ്ടാകും.
കെ സുരേന്ദ്രനെ മാറ്റുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് യോഗം ചേരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേരളം, കര്‍ണാടക, മധ്യപ്രദേശ്, ജമ്മു കശ്മീര്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ സംസ്ഥാന നേതൃത്വങ്ങളില്‍ അഴിച്ചുപണിക്ക് സാധ്യതയെന്ന റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പുറത്ത് വന്നത്. സംസ്ഥാന അദ്ധ്യക്ഷന്മാരെ മാറ്റുന്നതിനൊപ്പം കേന്ദ്രമന്ത്രിസഭാ പുഃനസംഘടനയുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
കേന്ദ്രമന്ത്രി വി മുരളീധരന്റെ പേരാണ് കേരളത്തില്‍ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യത. പകരം സുരേഷ് ഗോപിയെ മന്ത്രിസഭയിലേക്ക് പരിഗണിച്ചേക്കും. മന്ത്രിയായ ശേഷം മത്സരിക്കുന്നത് ജനപ്രീതി ഉയര്‍ത്തുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയാല്‍ സുരേന്ദ്രന്‍ ദേശീയ നിര്‍വാഹക സമിതിയില്‍ എത്താനും സാധ്യതയുണ്ട്.
അതേസമയം പുഃനസംഘടന സംബന്ധിച്ച് അറിയില്ലെന്നാണ് വി മുരളീധരന്‍ ഇന്നലെ പ്രതികരിച്ചത്. നേതൃമാറ്റം വേണമെന്ന് അഭിപ്രായമില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയുമാണെന്നും വി മുരളീധരന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us