/sathyam/media/post_attachments/ANXLqf3DPJLm2cDgQWyq.jpg)
കോഴിക്കോട്: നിപ മുൻകരുതലിന്റെ ഭാഗമായുള്ള പരിശോധനകൾക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിദഗ്ധ സംഘമെത്തി. കൊടിയത്തൂരിലെ വവ്വാൽ കൂട്ടമുള്ള സ്ഥലങ്ങളിലാണ് ഡോ ഉല്ലാസ്, ഡോ കണ്ണൻ വനംവകുപ്പിലെ ഡോ അരുൺ സത്യൻ എന്നിവർ ഉൾപ്പെടുന്ന സംഘം പരിശോധന നടത്തിയത്. സംഘം വൈകാതെ സാമ്പിളിനായി വവ്വാലുകളെ പിടിക്കാൻ കെണി ഒരുക്കും.
വവ്വാലുകളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടോ, ആവാസ വ്യവസ്ഥയിൽ മാറ്റങ്ങളുണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് സംഘം പരിശോധിച്ചത്. 2021-ൽ ജില്ലയിലെ പാഴൂരിൽ രോഗം ബാധിച്ച് ഒരു യുവാവ് മരിച്ചിരുന്നു. അതും കണക്കിലെടുത്താണ് പരിശോധന. ഇതിന്റെ റിപ്പോർട്ട് അടുത്ത ദിവസം നൽകുമെന്ന് ഡോ അരുൺ സത്യൻ പറഞ്ഞു.
2018-ൽ കോഴിക്കോട് ജില്ലയിലായിരുന്നു സംസ്ഥാനത്ത് ആദ്യമായി നിപ റിപ്പോർട്ട് ചെയ്തത്. ആദ്യ നിപ തരംഗത്തിൽ 23 പേർക്ക് വൈറസ് ബാധിക്കുകയും 21 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. തൊട്ടടുത്ത വർഷം സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. എന്നാൽ ഒരാൾക്ക് മാത്രമായിരുന്നു രോഗം സ്ഥിരീകരിച്ചത്. രോഗബാധയേറ്റ യുവാവിന് കൃത്യമായ ചികിത്സ നൽകാനും ആ വർഷം സാധിച്ചു.