കെഎസ്ആർടിസി ജീവനക്കാർ വീണ്ടും ദുരിതത്തിൽ; ശമ്പളവിതരണം ഇനിയും നീളും, രണ്ട് മാസം പെൻഷനുമില്ല

New Update

publive-image

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ ഈ മാസവും ദുരിതത്തിൽ. ശമ്പള വിതരണം ഇനിയും നീളുമെന്ന് സർക്കാർ. നൽകാമെന്നേറ്റിരുന്ന തുക ഇതുവരെയും സർക്കാർ കൈമാറിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി മൂലം ഗഡുക്കളായി ശമ്പളം നൽകാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, വാ​ഗ്‍ദാനം ഇതുവരെയും പൂർത്തീകരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. എല്ലാ മാസവും അഞ്ചിനു മുൻപ് ആദ്യ​ഗ‍ഡു നൽകുമെന്ന പൊള്ളയായ വാ​ഗ്‍ദാനമാണ് നൽകിയത്. ജൂലായ് 7 കഴിഞ്ഞിട്ടും ആദ്യ ​ഗഡു നൽകിയിട്ടില്ല.

Advertisment

സർക്കാർ 50 കോടി രൂപ വീതമാണു സഹായമായി നൽകിയിരുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതു 30 കോടിയാക്കി ചുരുക്കി. ഈ തുക അനുവദിക്കാൻ ധനവകുപ്പിൽ ഫയൽ നടപടികൾ തുടങ്ങിയെങ്കിലും തീരുമാനമെടുത്തില്ലെന്നാണു വിവരം. ഇന്നും നാളെയും അവധിയാണ്. തിങ്കളാഴ്ച തുക അനുവദിച്ചാലും നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ശമ്പളവിതരണം അന്ന് നടക്കാനുള്ള സാധ്യത കുറവാണ്.

കെഎസ്ആർടിസിയിൽ രണ്ടു മാസത്തെ പെൻഷൻ വിതരണവും നിലവിൽ മുടങ്ങിയിരിക്കുകയാണ്. ധന, സഹകരണ വകുപ്പുകളും കെഎസ്ആർടിസിയും തമ്മിലുള്ള കരാർ പ്രകാരം സഹകരണ വകുപ്പാണ് ഓരോ വർഷവും നൽകാനുള്ള പെൻഷൻ തുക അനുവദിക്കുന്നത്. ജൂണിലാണ് കരാർ ഒപ്പു വയ്‌ക്കുന്നത്. പുതിയ കരാർ ഇതുവരെ ഒപ്പുവയ്‌ക്കാത്തതാണ് കരാർ മുടങ്ങാനുള്ള കാരണം. അര ലക്ഷത്തോളം വരുന്ന പെൻഷൻകാർ ഇതോടു കൂടി ദുരിതത്തിലായിരിക്കുകയാണ്.

Advertisment