/sathyam/media/post_attachments/aoH74wY4XcmHqJeMyXnn.webp)
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ പരാതിക്കാരനെതിരെ ലോകായുക്തയുടെ രൂക്ഷ വിമർശനം. കേസ് മാറ്റിവെക്കണമെന്ന് ഇടക്കിടെ ആവശ്യപ്പെട്ട് തങ്ങളെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്ന് പരാതിക്കാരനായ ആർ.എസ് ശശി കുമാറിനോട് ലോകായുക്ത ചോദിച്ചു.
കേസ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെടുന്നതിന് പകരം ഹൈകോടതിയിൽ നിന്ന് സ്റ്റേ വാങ്ങാൻ പരാതിക്കാരനോട് ലോകായുക്ത ഫുൾ ബെഞ്ച് പറഞ്ഞു. ഈ കേസ് തലയിൽ നിന്ന് പോയി കിട്ടിയാൽ അത്രയും സന്തോഷമെന്നും വാദത്തിനിടെ ലോകായുക്ത അഭിപ്രായപ്പെട്ടു.
കേസ് മാറ്റിവെക്കണമെന്ന് ഇടക്കിടെ പറയുന്നത് നല്ലതാണെന്ന് പറഞ്ഞ ലോകായുക്ത ബെഞ്ച് മാധ്യമങ്ങളിൽ വാർത്ത വരുമല്ലോയെന്നും ചൂണ്ടിക്കാട്ടി. കേസ് പരിഗണിക്കുന്ന് ലോകായുക്ത ജൂലൈ 20ലേക്ക് മാറ്റി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിന്‍റെ സാധുത സംബന്ധിച്ച് ലോകായുക്ത മൂന്നംഗ ബെഞ്ച് ഒരു വർഷം മുമ്പ് സ്വീകരിച്ച തീരുമാനം ഫുൾ ബെഞ്ചിന് വിട്ട നടപടി ചോദ്യം ചെയ്ത് പരാതിക്കാരൻ ഹൈകോടതിയെ സമീപിച്ചിരുന്നു. ഹൈകോടതി പരിഗണിക്കുന്ന കേസിൽ തീർപ്പാക്കും വരെ കേസ് മാറ്റിവെക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ ലോകായുക്തക്ക് അപേക്ഷ നൽകിയത്. ഹൈകോടതി 10 ദിവസം കഴിഞ്ഞ് ഹരജിയിൽ വാദം കേൾക്കും.