കേരളത്തിലെ അതിരൂക്ഷമായ തെരുവുനായ പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാൻ സുപ്രീംകോടതി. ദയാവധത്തിന് അനുമതി വേണമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത്. എതിർത്ത് മൃഗസ്നേഹികൾ. വിഷയത്തിൽ വൈകാരികതയുടെ ചോദ്യമേ ഉദിക്കുന്നില്ലെന്ന് കോടതി. കേരളത്തെ ബഹിഷ്ക്കരിക്കാൻ നായപ്രേമികൾ ആഹ്വാനം ചെയ്യുന്നുവെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത്.

New Update

publive-image

Advertisment

കേരളത്തിലെ തെരുവുനായ പ്രശ്നത്തിന് ശാശ്വത പരിഹാരം, അടുത്ത മാസം വാദം കേൾക്കാമെന്ന് സുപ്രീം കോടതി

ഡൽഹി : കേരളത്തിൽ അതിരൂക്ഷമായ തെരുവ്നായ പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാനൊരുങ്ങുകയാണ് സുപ്രീംകോടതി. തെരുവുനായ ശല്യത്തെക്കുറിച്ചുള്ള ഹർജികൾ തുറന്ന കോടതിയിലാണ് വാദം കേട്ടത്. പേവിഷ ബാധയേറ്റെന്ന് സംശയമുളളതും അപകടകാരികളുമായ തെരുവുനായ്‌ക്കളെ ദയാവധം നടത്താൻ അനുമതി നൽകണമെന്ന കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഹർജിയിൽ ആഗസ്റ്റ് 16ന് വിശദമായ വാദം കേൾക്കും. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റേത് വൈകാരികമായ ഹർജിയാണെന്ന് മൃഗസംഘടന ആരോപിച്ചപ്പോൾ വിഷയത്തിൽ വൈകാരികതയുടെ ചോദ്യമേ ഉദിക്കുന്നില്ലെന്ന് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയതോടെ പ്രശ്നപരിഹാരമുണ്ടാകുമെന്ന് ഉറപ്പായി.

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഹർജിയിൽ മറുപടി സമർപ്പിക്കാൻ കോടതി കക്ഷികൾക്ക് രണ്ടാഴ്ച്ചത്തെ സമയം നൽകി. അഡ്വ. മനീഷ കരിയയെ രേഖകളെ ക്രോഡീകരിക്കാനുളള ചുമതല ഏൽപ്പിച്ചു. ഹർജിയുടെ പകർപ്പ് കക്ഷികൾക്ക് കൈമാറാൻ കണ്ണൂർ ജില്ലാ പഞ്ചായത്തിനും, സംസ്ഥാന ബാലാവകാശ കമ്മീഷനും നിർദ്ദേശം നൽകി. പ്രശ്ന പരിഹാരത്തിന് കരട് നിർദ്ദേശങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും, അവ വൈകാതെ കൈമാറാമെന്നും ആനിമൽ വെൽഫെയർ ബോർഡ് ഒഫ് ഇന്ത്യ അറിയിച്ചു. പേ വിഷബാധയേറ്റെന്ന് സംശയമുള്ളതും അത്യന്തം അപകടകാരികളുമായ തെരുവുനായ്‌ക്കളെ കൊല്ലുക തന്നെ വേണമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് വാദിച്ചു. കേരളത്തിൽ കുട്ടികൾ തെരുവ്നായകളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന സാഹചര്യമാണ്. ജനങ്ങളുടെ ജീവനാണ് ആശങ്കയിലായിരിക്കുന്നതെന്നും കണ്ണൂർ ജില്ലാ പഞ്ചായത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.വി. സുരേന്ദ്രനാഥ്, അഡ്വ. കെ.ആർ. സുഭാഷ് ചന്ദ്രൻ, അഡ്വ. എൽ.ആർ. കൃഷ്ണ എന്നിവർ ചൂണ്ടിക്കാട്ടി. കോഴിക്കോട് ആറ് സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യമുണ്ടായെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് വേണ്ടി ഹാജരായ അഡ്വ. ജയ്മോൻ ആൻഡ്രൂസ് അറിയിച്ചു.

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ദയാവധ ആവശ്യത്തെ മൃഗസ്നേഹികളും, മൃഗസംരക്ഷണ സംഘടനകളും അതിശക്തമായാണ് സുപ്രീംകോടതിയിൽ എതിർത്തത്. രാജ്യത്തെ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ മാത്രം തെരുവ്നായ പ്രശ്നം ഇത്രയധികം രൂക്ഷമാകുന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാണെന്ന് മൃഗസംരക്ഷണ സംഘടനയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക മേനക ഗുരുസ്വാമി പറഞ്ഞു . ജനന നിയന്ത്രണ ചട്ടങ്ങൾ കൃത്യമായി പാലിക്കാത്തതാകാം കാരണമെന്നും ചൂണ്ടിക്കാട്ടി. തെരുവ്നായകളെ കെട്ടിതൂക്കുകയാണെന്നും, വിഷം കൊടുത്ത് കൊല്ലുകയാണെന്നും, കോടതി യഥാർത്ഥ പ്രശ്നങ്ങൾ കാണണമെന്നും മുതിർന്ന അഭിഭാഷകൻ കൃഷ്ണൻ വേണുഗോപാൽ പറഞ്ഞു. വൈകാരികതയുടെ അടിസ്ഥാനത്തിലല്ല നിയമപരമായ വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടത്. ഡൽഹിയിലും, ജയ്പൂരിലും മുംബായിലും തെരുവ് നായകളുടെ ജനന നിയന്ത്രണ നടപടികൾ നടപ്പാക്കുന്നുണ്ട്. അതിനാൽ അവിടെ കുഴപ്പങ്ങളുമില്ലെന്ന് അഭിഭാഷകൻ കൂട്ടിച്ചേർത്തു.

കേരളത്തെ ബഹിഷ്ക്കരിക്കാൻ ഒരു വിഭാഗം നായ് പ്രേമികൾ ആഹ്വാനം ചെയ്യുന്നുവെന്ന് കണ്ണൂർ ജില്ലാ ജില്ലാ പഞ്ചായത്തിന്റെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. അവരാണ് ഇപ്പോൾ കോടതിയിലും എതിർപ്പുമായി എത്തിയിരിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടിനെ ബോയ്കോട്ട് ചെയ്യാൻ ആർക്കെങ്കിലും കഴിയുമോയെന്ന് ഡൽഹിയിലെ മൃഗസംരക്ഷണ സംഘടനയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക മേനക ഗുരുസ്വാമി പ്രതികരിച്ചു. ആരെങ്കിലും ഇത്തരത്തിൽ പറയുന്നതിൽ നിന്ന് എങ്ങനെ തടയാനാകുമെന്നായിരുന്നു ബെഞ്ചിലെ ജസ്റ്റിസ് കെ.വി. വിശ്വനാഥന്റെ പ്രതികരണം.

Advertisment