ഐ.ജി പി.വിജയനെതിരായ സസ്പെൻഷൻ റദ്ദാക്കിയേക്കും. മാതൃഭൂമിക്കെതിരായ കേസിൽ ഹൈക്കോടതിയിൽ നിന്ന് പോലീസിന് കണക്കിന് കിട്ടിയതോടെ പുനരാലോചനയുമായി സർക്കാർ. സസ്പെൻഷൻ പുനപരിശോധിക്കാനുള്ള ഐ.എ.എസുകാരുടെ സമിതി ശിക്ഷ മതിയാക്കാൻ ശുപാർശ ചെയ്തേക്കും. വിജയൻ വീണ്ടും സർവീസിലേക്ക് മടങ്ങിയെത്തുന്നു.

New Update

publive-image

എലത്തൂർ ട്രെയിൻ തീവയ്പ്പു കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ ചിത്രം പകർത്തിയെന്ന പേരിൽ ഐ.ജി പി.വിജയനെതിരായ സസ്പെൻഷനിൽ പുനരാലോചന നടത്താനൊരുങ്ങി സർക്കാർ

Advertisment

തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവയ്പ്പു കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ ചിത്രം പകർത്തിയെന്ന പേരിൽ മാതൃഭൂമി ദിനപത്രത്തിനെതിരേയെടുത്ത കേസിൽ ഹൈക്കോടതിയിൽ നിന്ന് പോലീസിന് കണക്കിന് കിട്ടിയതോടെ, ഈ കാരണം ചൂണ്ടിക്കാട്ടി സസ്പെൻഡ് ചെയ്ത ഐ.ജി പി.വിജയനെ സർവീസിൽ തിരിച്ചെടുക്കാൻ സർക്കാർ ആലോചിക്കുന്നു. വിജയന്റെ പേര് പറയിക്കാൻ മാതൃഭൂമിയിലെ മാദ്ധ്യമപ്രവർത്തകരെ പോലീസ് നിർബന്ധിച്ചെന്ന ഇടതുമുന്നണിയിലുള്ള എം.വി.ശ്രേയാംസ് കുമാറിന്റെ തുറന്നു പറച്ചിലും പുനരാലോചനയ്ക്ക് കാരണമായതായാണ് സൂചന.

വിജയന്റെ സസ്പെൻഷൻ പുന:പരിശോധിക്കാൻ സർക്കാർ നിയോഗിച്ച ചീഫ് സെക്രട്ടറി വി.വേണുവിന്റെ അദ്ധ്യക്ഷതയിലുള്ള നാലംഗ സമിതി സസ്പെൻഷൻ മതിയാക്കാനുള്ള ശുപാർശ നൽകും. അഡി.ചീഫ് സെക്രട്ടറിമാരായ ശാരദാ മുരളീധരൻ, ബിശ്വനാഥ് സിൻഹ, കെ.ആർ.ജ്യോതിലാൽ എന്നിവരാണ് അംഗങ്ങൾ. മേയ് മാസത്തിലാണ് വിജയനെ സസ്പെൻഡ് ചെയ്തത്. 3മാസത്തെ സസ്പെൻഷൻ മതിയക്കി വിജയനെ തിരിച്ചെടുക്കാനുള്ള ശുപാർശ ഈ സമതി നൽകുമെന്നാണ് സൂചന. അഖിലേന്ത്യാ സർവീസ് ഡിസിപ്ലിനറി ആൻഡ് അപ്പീൽ ചട്ടങ്ങൾ പ്രകാരമാണ് പുന:പരിശോധനാ സമിതി.
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി മേയ് 18നാണ് ഐ.ജി പി.വിജയനെ സസ്പെൻഡ് ചെയ്തത്. അന്വേഷണ സംഘത്തിന്റെ ഭാഗമല്ലാതിരുന്നിട്ടും മഹാരാഷ്ട്രയിൽ നിന്ന് പ്രതിയെ കൊണ്ടുവന്ന ഉദ്യോഗസ്ഥരെ വിജയൻ ബന്ധപ്പെട്ടെന്നും ഇത് സുരക്ഷാ വീഴ്ചയ്ക്ക് വഴിയൊരുക്കിയെന്നുമുള്ള എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അന്ന് തീവ്രവാദ വിരുദ്ധസേനയുടെ തലവനായിരുന്നു വിജയൻ. ഉദ്യോഗസ്ഥ‌ർ തമ്മിലുള്ള ശത്രുതയുടെ ഫലമായിരുന്നു സസ്പെൻഷനെന്നാണ് സേനയിലെ സംസാരം.

തൊട്ടതിനും പിടിച്ചതിനുമൊക്കെ മാദ്ധ്യമപ്രവർത്തകർക്കെതിരേ കേസെടുക്കുന്ന പോലീസിന് ഹൈക്കോടതിയിൽ നിന്ന് കണക്കിന് കിട്ടി. മാദ്ധ്യമ പ്രവർത്തകരെ കേസിന്റെ പേരിൽ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും പ്രതികളുടെ ചിത്രം പകർത്തുന്നത് മാദ്ധ്യമ പ്രവർത്തകന്റെ ജോലിയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയുടെ ചിത്രം പകർത്തിയതിനെത്തുടർന്ന് മാതൃഭൂമി ന്യൂസ് ചാനൽ പ്രവർത്തകർക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചതു ചോദ്യം ചെയ്ത് മാതൃഭൂമി നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പോലീസ് അറസ്റ്റു ചെയ്ത പ്രതിയുടെ ചിത്രം മാദ്ധ്യമ പ്രവർത്തകർ പകർത്തുന്നത് എങ്ങനെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തലാവുമെന്ന് ഹൈക്കോടതി ഹർജി പരിഗണിക്കവെ വാക്കാൽ ചോദിച്ചു. തിരിച്ചറിയൽ പരേഡ് നടത്തേണ്ടതുണ്ടെങ്കിൽ പ്രതിയുടെ മുഖം മറച്ചാണ് പൊലീസ് കൊണ്ടുവരേണ്ടത്. പ്രതിയുടെ ചിത്രം എടുക്കുന്നത് മാദ്ധ്യമപ്രവർത്തകരുടെ ജോലിയാണ്. അതിന്റെ പേരിൽ ക്യാമറ ഹാജരാക്കാൻ ആവശ്യപ്പെടുന്നതും അവരെ നിരന്തരം നോട്ടീസ് നൽകി വിളിപ്പിക്കുന്നതും എന്തിനാണ്? കേസിൽ പ്രതിയാക്കാത്തതിനാൽ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അവർക്ക് കോടതിയെ സമീപിക്കാനും കഴിയുന്നില്ല. ഹൈക്കോടതി പറഞ്ഞു. മാദ്ധ്യമ പ്രവർത്തകരുടെ ഫോൺ പിടിച്ചെടുക്കുന്നതിനെയും വിമർശിച്ചു. മാദ്ധ്യമ പ്രവർത്തകർക്ക് പല വിവരങ്ങളും ലഭിക്കും.

അതൊക്കെ കണ്ടെത്താൻ അവരുടെ ഫോൺ പിടിച്ചെടുക്കുന്ന നടപടി ശരിയല്ല. ഇത്തരം നടപടികൾ ജനാധിപത്യത്തിന്റെ നാലാം തൂൺ സങ്കല്പത്തിന് എതിരാണെന്നും ഹൈക്കോടതി പറഞ്ഞു. പൊലീസിന്റെ ഭാഗത്തു നിന്ന് മാദ്ധ്യമ പ്രവർത്തകർക്ക് ഒരു ദ്രോഹവും ഉണ്ടാകുന്നില്ലെന്നും അന്വേഷണം മാത്രമാണ് നടക്കുന്നതെന്നും സർക്കാർ കോടതിയിൽ വിശദീകരിച്ചു. പൊലീസ് നടപടികൾക്കെതിരെ മാതൃഭൂമി സംസ്ഥാന പോലീസ് മേധാവിക്ക് രണ്ടു പരാതികൾ നൽകിയിരുന്നു. ഇതു ഒരുമാസത്തിനുള്ളിൽ പരിഗണിച്ചു ഹർജക്കാരെക്കൂടി കേട്ട് ഉചിതമായ തീരുമാനമെടുക്കണം. അന്വേഷണവുമായി മാതൃഭൂമി സഹകരിക്കണമെന്നും സിംഗിൾബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്.

Advertisment