ചരിത്ര നിമിഷത്തിലേക്ക് കുതിക്കാനൊരുങ്ങി ചന്ദ്രയാൻ 3; കൗണ്ട്ഡൗൺ ഇന്ന് തുടങ്ങും, വിക്ഷേപണം നാളെ
ബംഗളുരു: ജീവന്റെ കണിക തേടി ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 വെള്ളിയാഴ്ച കുതിച്ചുയരുമ്പോൾ അഭിമാന തിളക്കത്തിലാണ് ഐ.എസ്.ആർ.ഒ. നാളെ ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ചന്ദ്രയാന്റെ വിക്ഷേപണം. ഐ.എസ്.ആർ.ഒ.യുടെ കരുത്തേറിയ റോക്കറ്റായ ജി.എസ്.എൽ.വി മാർക്ക്-3 ആണ് ചന്ദ്രയാനെ ഭ്രമണപഥത്തിൽ എത്തിക്കുന്നത്. ആഗസ്റ്റ് 24ന് പുലർച്ചെയാണ് ചന്ദ്രയാൻ ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്യുക. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ റോവർ സോഫ്‍റ്റ്‍ലാൻഡിംഗ് പര്യവേഷണം നടത്തുകയാണ് മൂന്നാം ചാന്ദ്ര ദൗത്യത്തിന്റെ ലക്ഷ്യം. ജീവന്റെ കണിക കണ്ടെത്തുകയാണ് ദൗത്യം.
പ്രൊപ്പൽഷൻ മൊഡ്യൂൾ, ലാൻഡർ മൊഡ്യൂൾ, റോവർ എന്നിവയടങ്ങിയതാണ് ചന്ദ്രയാൻ മൂന്ന് പേടകം. ലാൻഡറിനേയും റോവറിനേയും ചന്ദ്രോപരിതലത്തിൽ എത്തിക്കുകയാണ് പ്രൊപ്പൽഷൻ മൊഡ്യൂളിന്റെ ദൗത്യം. 2148 കിലോഗ്രാം ഭാരമുള്ള പ്രൊപ്പൽഷൻ മൊഡ്യൂളും 1723.89 കിലോഗ്രാം ഭാരമുള്ള ലാൻഡറും 26 കിലോഗ്രാം ഭാരമുള്ള റോവറും ഉൾപ്പടെ ആകെ 3900 കിലോഗ്രാമാണ് പേടകത്തിന്റെ ഭാരം. ചന്ദ്രനിലെ ഒരു പകൽ ഭൂമിയിലെ 14 ദിനങ്ങളാണ്. ഇത്രയും സമയമാണ് ലാൻഡറിന്റേയും റോവറിന്റെയും ദൗത്യം തുടരുക.
ചന്ദ്രയാൻ മൂന്നിന് ഭാവിയെ ലക്ഷ്യമിട്ടുള്ള നിരവധി ദൗത്യങ്ങളുണ്ട്. ചന്ദ്രോപരിതലത്തിലെ രാസമൂലക ഘടന, താപനില, ഭൂകമ്പത്തിന്റേയും കുലുക്കങ്ങളുടേയും വ്യാപ്തി എന്നിവ അറിയാനുള്ള ഏഴ് പേലോഡുകളാണ് പേടകത്തിലുള്ളത്. ഇതിലൊന്ന് നാസയുടേതാണ്. ചന്ദ്രയാൻ-3 ദൗത്യത്തിൽ നിരവധി വെല്ലുവിളികളും ഇസ്‍റോയെ കാത്തിരിക്കുന്നുണ്ട്. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ്, ചന്ദ്രന്റെ ഉപരിതലത്തിൽ റോവറിനെ ചലിപ്പിച്ചുള്ള നിരീക്ഷണം എന്നിവയാണ് പ്രധാന വെല്ലുവിളികൾ. അന്തരീക്ഷവും വായുവും ഇല്ലാത്ത ചന്ദ്രന്റെ ഉപരിതലം പാറകളും ഗർത്തങ്ങളും നിറഞ്ഞതാണ്. ചന്ദ്രനിലെ ഗുരുത്വാകർഷണ ബലം ഭൂമിയുമായി താരതമ്യം ചെയ്യുമ്പോൾ ആറിൽ ഒന്നു മാത്രവുമാണ്. ഈ വെല്ലുവിളികളെല്ലാം തരണം ചെയ്ത് ചന്ദ്രനിൽ ഇറങ്ങാനും റോവറിനെ ചലിപ്പിക്കാനും കഴിഞ്ഞാൽ ഇത്തരമൊരു നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യം ആണ് ചന്ദ്രയാൻ-3. ചന്ദ്രയാൻ ഒന്ന് 2008 ഒക്ടോബർ 22നും ചന്ദ്രയാൻ -2 2019 ജൂലായ് 22നും വിക്ഷേപിച്ചു. ചന്ദ്രനിലെ രാസഘടന, മൂലകങ്ങൾ, ഭൗമശാസ്ത്രപരമായ പ്രത്യേകതകൾ പഠിക്കുന്നതിനായി ചന്ദ്രോപരിതലത്തിൽ നിന്ന് 100കിലോമീറ്റർ ഉയരത്തിൽ ചന്ദ്രനെ ചുറ്റുകയായിരുന്നു ചന്ദ്രയാൻ ഒന്ന്. ഇന്ത്യ, യു.എസ്.എ, യു.കെ, ജർമ്മനി, ബൾഗേറിയ, സ്വീഡൻ എന്നിവിടങ്ങളിൽ നിർമ്മിച്ച പതിനൊന്ന് ഉപകരണങ്ങൾ പേടകത്തിലുണ്ടായിരുന്നു. എല്ലാ പ്രധാന ദൗത്യങ്ങളും വിജയകരമായി പൂർത്തിയാക്കിയ ശേഷം 2009 മേയിൽ ഭ്രമണപഥം 200 കിലോമീറ്ററായി ഉയർത്തി. പേടകംചന്ദ്രന് ചുറ്റും 3400ലേറെ ഭ്രമണങ്ങൾ നടത്തി. 2009 ഒക്ടോബർ 29ന് ചന്ദ്രയാൻ ഒന്നുമായുള്ള ആശയവിനിമയം നഷ്ടമായതോടെ ആദ്യത്തെ ചാന്ദ്രദൗത്യം വിജയകരമായി പൂർത്തിയായി.
ചാന്ദ്ര പര്യവേഷണത്തിൽ ഇന്ത്യയുടെ നാഴികക്കല്ലായിരുന്നു അവസാനത്തെ ദൗത്യമായ ചന്ദ്രയാൻ-2. ചന്ദ്രോപരിതലത്തിൽ നിന്ന് 2650 കിലോമീറ്റർ ഉയരത്തിൽനിന്ന് ചന്ദ്രനെ നിരീക്ഷിക്കുകയും നിരവധി വിവരങ്ങൾ കണ്ടെത്തുകയും ചെയ്യാൻ ഈ ദൗത്യത്തിന് കഴിഞ്ഞു. ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്നതിനുള്ള പ്രായോഗിക പ്രതിസന്ധികൾ വിശകലനം ചെയ്യുന്നതിൽ രണ്ടാം ദൗത്യം വളരെവലിയ സംഭാവനകൾ ലോകത്തിന് നൽകി. ചന്ദ്രയാൻ രണ്ടിന്റെ തുടർച്ചയാണ് ചന്ദ്രയാൻ മൂന്ന് ദൗത്യം. ചന്ദ്രയാൻ-3 വിക്ഷേപണത്തിന് മുന്നോടിയായുള്ള കൗണ്ട്ഡൗൺ ഇന്ന് ഉച്ചയ്ക്ക് 2.35ന് ആരംഭിക്കും. ലോകത്തിനു മുന്നിൽ ഇന്ത്യയുടെ യശസ് വാനോളമുയർത്തി ചന്ദ്രയാൻ കുതിച്ചുയരുന്നതിന് സാക്ഷികളാവാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാജ്യം.