/sathyam/media/post_attachments/IOVboWdKPTGo4pisEpxH.jpg)
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം. ഉച്ചയ്ക്ക് 2.35-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് കൗണ്ട് ഡൗണ്‍ തുടങ്ങിയത്.
2019ലായിരുന്നു ചന്ദ്രയാന്‍-2 ദൗത്യം. അന്നത്തെ പരാജയത്തില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് പുതിയ ദൗത്യത്തിന് ഐഎസ്ആര്‍ഒ തയ്യാറെടുക്കുന്നത്. ചന്ദ്രയാൻ -2 സോഫ്റ്റ്ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ അവസാന നിമിഷം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായിരുന്നു. ഈ പോരായ്മ പരിഹരിക്കാന്‍ കൂടുതല്‍ ഇന്ധനവും സുരക്ഷാക്രമീകരണങ്ങളും ചന്ദ്രയാന്‍-3ല്‍ സജ്ജമാക്കിയിട്ടുണ്ട്. സുഗമമായി ലാന്‍ഡ് ചെയ്യാന്‍ ലാന്‍ഡറിന്റെ കാല്‍ കൂടുതല്‍ ശക്തിപ്പെടുത്തി. കൂടുതല്‍ സൗരോര്‍ജ പാനലുകളും പേടകത്തില്‍ നല്‍കിയിട്ടുണ്ട്. ഏതെങ്കിലും ചില ഘടകങ്ങളില്‍ വീഴ്ച സംഭവിച്ചാല്‍പ്പോലും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വിധത്തിലാണ് രൂപകല്പന.
ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ എല്‍വിഎം 3 റോക്കറ്റാണ് ചന്ദ്രയാന്‍ 3മായി കുതിച്ചുയരുക. എല്‍വിഎമ്മിന്റെ ഏഴാമത്തെ ദൗത്യമാണിത്. വിക്ഷേപണം കഴിഞ്ഞ് 40 ദിവസത്തിന് ശേഷമാണ് ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുക. ദൗത്യം വിജയകരമായാല്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, ചൈന, സോവിയറ്റ് യൂണിയന്‍ എന്നിവര്‍ മാത്രമാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്.