മോസ്കോ; വിമത നീക്കത്തിൽ നിന്ന് വാഗ്നർ സംഘം പിന്മാറി. റഷ്യയിലെ പ്രതിസന്ധി അയയുന്നു. തന്റെ സൈന്യം ക്യാമ്പിലേക്ക് മടങ്ങി പോകുന്നുവെന്ന് വാഗ്നർ സംഘം തലവൻ പ്രിഗോഷിൻ അറിയിച്ചു. ബലാറസ് പ്രസിഡന്റ് ലുക്കാഷെങ്കോയാണ് വാഗ്നർ തലവനുമായി സംസാരിച്ചത്. വിമത നീക്കം അവസാനിപ്പിക്കാമെന്ന് പ്രിഗോഷിൻ ഉറപ്പ് നൽകിയതായി ബലാറസ് പ്രസിഡന്റ് അറിയിച്ചു.
യുക്രൈനെ തകർക്കാൻ റഷ്യ നിയോഗിച്ച കൂലിപ്പടയായിരുന്നു വാഗ്നർ സംഘം. എന്നാൽ കഴിഞ്ഞ ശനിയാഴ്ച മുതൽ റഷ്യൻ സർക്കാർ വാഗ്നർ കൂലിപ്പടയുടെ പോയിന്റ് ബ്ലാങ്കിലായിരുന്നു. യുക്രൈൻ യുദ്ധമാരംഭിച്ചത് മുതൽ പുടിനിൽ നിന്ന് റഷ്യൻ സൈന്യത്തിന് ലഭിച്ച അതേ പ്രാധാന്യത്തോടെ തന്നെ പൊരുതി നിന്ന വാഗ്നർ സംഘവും തലവൻ പ്രിഗോഷിനും റഷ്യൻ സൈന്യത്തെ പരസ്യമായി വിമർശിക്കുകയും ഇത് ഇരു സേനകൾ തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് ഇടവയ്ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി റഷ്യൻ സൈന്യത്തിനെതിരെ വിമർശനങ്ങളുന്നയിക്കുന്നുണ്ട് പ്രിഗോഷിൻ. തന്റെ പടയാളികൾക്ക് ആവശ്യത്തിന് ആയുധങ്ങൾ നൽകുന്നില്ലെന്നും അവരുടെ പ്രതിസന്ധികൾ പരിഗണിക്കുന്നില്ലെന്നുമായിരുന്നു പ്രധാന പരാതി.
എന്നാൽ വെള്ളിയാഴ്ചയോടെ ഇരുവിഭാഗവും തമ്മിലുള്ള അതൃപ്തി തുറന്ന പോരിലേക്കെത്തി. തന്റെ പടയാളികളുടെ സൈനികതാവളം റഷ്യൻ സേന ആക്രമിച്ചുവെന്ന ഗുരുതര ആരോപണവുമായി വാഗ്നർ തലവൻ പ്രിഗോഷിൻ രംഗത്ത് വന്നു. തന്റെ 25,000 ത്തോളം വരുന്ന കരുത്തരായ സേനാംഗങ്ങളെയും കൊണ്ട് റഷ്യൻ ആഭ്യന്തര മന്ത്രാലയത്തിനെതിരെ തിരിയുമെന്നും അതൊരിക്കലും സൈനിക അട്ടിമറിയാകില്ലെന്നും പ്രിഗോഷിൻ പറഞ്ഞു.