ഏകീകൃത സിവിൽ കോഡിനെതിരേ കോഴിക്കോട്ട് സി.പി.എം സെമിനാർ നടത്തിയപ്പോൾ തിരുവനന്തപുരത്തേക്ക് വണ്ടി കയറി മുന്നണി കൺവീനർ ഇ.പി ജയരാജൻ. രണ്ട് മാസം മുൻപേ ഏറ്റുപോയ പരിപാടിയെന്ന് വിശദീകരണം. വിട്ടുനിൽക്കാൻ കാരണം എം.വി ഗോവിന്ദനുമായുള്ള അകൽച്ചയെന്ന് സൂചന. സീനിയറായ തന്നെ വെട്ടി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായതിന്റെ വിഷമം തീരാതെ ജയരാജൻ.

New Update

publive-image

Advertisment

ഏകീകൃത സിവിൽ കോഡിനെതിരേ നടന്ന സെമിനാറിൽ കൺവീനർ ഇ.പി ജയരാജൻ പങ്കെടുത്തില്ല, വിട്ടു നിൽക്കാൻ കാരണം എം.വി ഗോവിന്ദനുമായുള്ള അകൽച്ച

തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ ഒന്നാകെ ഒപ്പം നിർത്താൻ ഏക സിവിൽ കോഡിനെതിരേ കോഴിക്കോട്ട് സി.പി.എം സെമിനാർ നടത്തിയപ്പോൾ മുന്നണി കൺവീനറായ ഇ.പി ജയരാജൻ തിരുവനന്തപുരത്തേക്ക് വണ്ടി കയറി. കേന്ദ്ര കമ്മിറ്റിയംഗമായ മുതിർന്ന നേതാവിനെ ഒപ്പം നിർത്താനാവാത്ത പ്രതിസന്ധിയിലാണ് സി.പി.എം. എന്നാൽ രണ്ട് മാസം മുൻപേ ഏറ്റുപോയ പരിപാടിയാണ് തിരുവനന്തപുരത്തേതെന്നാണ് ഇ.പിയുടെ വിശദീകരണം. ഏകീകൃത സിവിൽകോഡ് വിഷയത്തിൽ സി.പി.എം കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാറിൽ ഏറെ ചർച്ചാ വിഷയമായത് ഇ.പിയുടെ അസാന്നിദ്ധ്യമായിരുന്നു. തിരുവനന്തപുരത്തെ പരിപാടിയിൽ പങ്കെടുക്കാൻ മാത്രമായി തിരുവനന്തപുരത്തെത്തിയ ഇ.പി. ജയരാജൻ വെള്ളിയാഴ്ചത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കാൻ വരാതിരുന്നതെന്തുകൊണ്ടെന്ന ചോദ്യം പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്.

ഇ.പിയുടെ വിട്ടുനിൽക്കലിന് പിന്നിൽ പാർട്ടിയിലെ ഉന്നത നേതാക്കൾ തമ്മിലുള്ള പടലപ്പിണക്കത്തിന്റെ കഥയുണ്ട്. എം.വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി ആയതുമുതൽ പാർട്ടിയിൽ ഇ.പി ഇടഞ്ഞുനിൽക്കുകയാണ്. ഏറെക്കാലം തിരുവനന്തപുരത്തേക്ക് വരാറുണ്ടായിരുന്നില്ല. മുന്നണി യോഗങ്ങളിൽ നിന്നും വിട്ടുനിന്നു. ഭരണമുന്നണിയുടെ കൺവീനറായി തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്ത് ഊർജ്ജിത പ്രവർത്തനം നടത്തേണ്ട ഇ.പിയുടെ അസാന്നിദ്ധ്യം പാർട്ടി നേതൃത്വത്തെ വെട്ടിലാക്കി. ത്യാഗനിർഭരമായ പാരമ്പര്യമുള്ള ഇ.പിയെ മുന്നണി കൺവീനർ സ്ഥാനത്തു നിന്ന് ഒഴിവാക്കാനാവാതെ പാർട്ടി വിയർത്തു. ഇതോടെ സി.പി.എമ്മിനകത്ത് അസ്വാരസ്യം മുറുകി.

തന്നെ മറികടന്ന് എം.വി. ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായത് മുതൽ മാനസികമായ അകൽച്ചയിലാണ് ഇ.പി ജയരാജൻ. ഈ അനിഷ്ടത്തിന്റെ ബഹിർസ്ഫുരണമാണ് കോഴിക്കോട്ടെ സെമിനാറിലെ ബഹിഷ്കരണമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വ്യാഖ്യാനിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയ സെമിനാറിൽ അനവസരത്തിൽ വിവാദം സൃഷ്ടിക്കപ്പെട്ടതിലെ അസ്വസ്ഥത എം.വി. ഗോവിന്ദനും മറച്ചുവച്ചില്ല. സെമിനാറിൽ നിന്ന് വിട്ടുനിന്നതിനെച്ചൊല്ലി ജയരാജനോട് ചോദിക്കണമെന്നും എൽ.ഡി.എഫ് കൺവീനറെ പ്രത്യേകമായി ക്ഷണിക്കേണ്ടതില്ലെന്നുമാമ് ഗോവിന്ദൻ കോഴിക്കോട്ട് പ്രതികരിച്ചത്. എന്നാൽ കോഴിക്കോട്ടെ സെമിനാറിൽ എല്ലാ കേന്ദ്രകമ്മിറ്റിയംഗങ്ങളും പങ്കെടുക്കുന്നുണ്ടോ എന്ന മറുചോദ്യവുമായാണ് ഇ.പി ജയരാജൻ ഗോവിന്ദനെ നേരിട്ടത്.

ഏറെക്കാലമായി പാർട്ടിയിൽ നിന്ന് തനിക്കെതിരേ നീക്കങ്ങൾ സജീവമാണെന്നാണ് ഇ.പിയുടെ പരാതി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കുറേ നാളുകളായി സി.പി.എമ്മിന്റെ നേതൃയോഗങ്ങളിൽ നിന്ന് ഇ.പി. ജയരാജൻ വിട്ടുനിൽക്കുകയാണ്. തിരുവനന്തപുരത്തേക്കുള്ള യാത്ര തന്നെ പരമാവധി ഒഴിവാക്കുന്നു. എം.വി. ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയായിരുന്നു പാർട്ടിയോഗങ്ങളിൽ നിന്നടക്കം വിട്ടുനിന്നുള്ള ഇ.പിയുടെ പ്രതിഷേധ പ്രകടനം. അതേസമയം, കണ്ണൂരിലെ പാർട്ടി പരിപാടികളിൽ ഇ.പി സജീവ സാന്നിദ്ധ്യവുമാണ്. സർക്കാരിനെയും എസ്.എഫ്.ഐയെയും പാർട്ടിയെയും വിവാദങ്ങളിൽ നിന്ന് പ്രതിരോധിക്കാനും ഇ.പി മുന്നിട്ടിറങ്ങി. അതായത് പിണറായിക്കും സർക്കാരിനും എതിരല്ല, മറിച്ച് ഗോവിന്ദനെതിരെയാണ് തന്റെ പ്രതിഷേധം എന്നാണ് ഇ.പി പറയാതെ പറയുന്നത്. ഗവർണർക്കെതിരായ പോരാട്ടസമയത്ത് രാജ്ഭവന് മുന്നിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച ഉപരോധസമരത്തിൽ മുന്നണി കൺവീനറായ ജയരാജൻ പങ്കെടുത്തിരുന്നില്ല.

ഇത് വ്യാപകമായ ചർച്ചയ്ക്ക് വഴിവച്ചു. ജയരാജന്റെ ഭാര്യയ്ക്കും മകനും ഓഹരിയുള്ള കണ്ണൂരിലെ ആയുർവേദ റിസോർട്ടിനെ ചൊല്ലിയുയർന്ന വിവാദം ഇ.പിക്ക് ക്ഷീണമായിരുന്നു. ആ സമയത്ത് ചില നേതൃയോഗങ്ങളിൽ ജയരാജൻ പങ്കെടുക്കുകയും ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന ആരോപണമുയർത്തുകയും ചെയ്തു. ഈ വിവാദം കെട്ടടങ്ങിയ ശേഷവും അദ്ദേഹം നേതൃയോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് തുടരുകയാണ്. ഇതിനിടയിലാണ് ഏറ്റവും സുപ്രധാനമായ സെമിനാറിലെ ജയരാജന്റെ അസാന്നിദ്ധ്യം ചർച്ചയാവുന്നത്.

Advertisment