യു.എസിൽ ലോക കേരള സഭ, മുഖ്യമന്ത്രിയും സംഘവും ബുധനാഴ്ച പുലർച്ചെ പുറപ്പെടും

New Update

publive-image

തിരുവനന്തപുരം: ലോക കേരള സഭാ നടത്തിപ്പുമായി ബന്ധപ്പെട്ട പണപ്പിരിവ് വിവാദം തുടരവേ, പരിപാടിയിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം 7ന് പുലർച്ചെ യു.എസിലേക്ക് പുറപ്പെടും. ദുബായ് വഴിയാണ് യാത്ര.

Advertisment

എട്ടാം തീയതി മുതലാണ് ലോക കേരള സഭാ സമ്മേളനം തുടങ്ങുന്നതെങ്കിലും മുഖ്യമന്ത്രിയും മറ്റും പങ്കെടുക്കുന്നത് 9, 10, 11 തീയതികളിലാണ്. ലോക കേരള സഭയ്ക്ക് ശേഷം ക്യൂബൻ സന്ദർശനവും കഴിഞ്ഞാണ് മുഖ്യമന്ത്രി കേരളത്തിൽ മടങ്ങിയെത്തുക. യാത്ര കണക്കിലെടുത്ത് ഈയാഴ്ചത്തെ പതിവ് മന്ത്രിസഭായോഗം ചൊവ്വാഴ്ചത്തേക്ക് മാറ്റി.

അതേസമയം, സമ്മേളനത്തിലെ പണപ്പിരിവിനെച്ചൊല്ലി ആരോപണ- പ്രത്യാരോപണങ്ങൾ തുടരുകയാണ്. മുഖ്യമന്ത്രിയും ധനമന്ത്രിയും സ്പീക്കറുമുൾപ്പെടെ പരിപാടിയിൽ പങ്കെടുക്കുന്ന വി.ഐ.പികളുടെ യാത്ര, താമസ-നിത്യനിദാന ചെലവുകൾ വഹിക്കുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകളായതിനാൽ അമേരിക്കയിൽ പണപ്പിരിവ് നടത്തുന്നത് സമ്മേളനത്തിന്റെ നടത്തിപ്പിന് മാത്രമാണ്. യാത്രാച്ചെലവ് സംസ്ഥാനസർക്കാരും താമസസൗകര്യം ഇന്ത്യൻ എംബസിയുമാണ് ഏർപ്പാടാക്കുന്നത്. മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും നിത്യനിദാനച്ചെലവുകൾക്കായി യു.എസിൽ ഒരു ദിവസം ഒരാൾക്ക് 100 ഡോളർ വീതം (8200രൂപ) സംസ്ഥാനം നൽകും. പങ്കെടുക്കുന്ന പ്രതിനിധികൾ സ്വന്തം ചെലവിലാണെത്തുക.സമ്മേളന നടത്തിപ്പിന് മാത്രം 5.5 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായാണ് സംഘാടകരുടെ കണക്ക്. ന്യൂയോർക്ക് ടൈംസ് സ്ക്വയറിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനത്തിന് മാത്രം 2 കോടിയാണ് ചെലവ് കണക്കാക്കുന്നത്. പണപ്പിരിവ് സംഘാടകർക്ക് തുടരാമെന്നും അതിന് ഓഡിറ്റിംഗ് ഉണ്ടാകുമെന്നുമാണ് നോർക്ക വ്യക്തമാക്കിയത്.

Advertisment