വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ പിന്തുണച്ച സ്ഥാനാര്‍ഥി സ്വവര്‍ഗാനുരാഗിയാണെന്ന് അറിഞ്ഞതോടെ ചെയ്ത വോട്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി.
തന്റെ മതവിശ്വാസങ്ങള്‍ സ്വവര്‍ഗാനുരാഗിയെ അംഗീകരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പറഞ്ഞാണ് യുവതി പിന്തുണ പിന്‍വലിച്ചത്.യു.എസിലെ അയോവയിലാണ് സംഭവം.
ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാകാന്‍ രംഗത്തുള്ള പീറ്റ് ബുട്ടിഗെയ്ഗിനെ പിന്തുണയ്ക്കുന്നവരുടെ യോഗത്തിലാണ് യുവതി വോട്ട് തിരിച്ചെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്.
പീറ്റ് സ്വവര്‍ഗാനുരാഗിയാണെന്ന് യോഗത്തിനിടെ അനുയായികളിലൊരാള്‍ പറഞ്ഞു. ഇതോടെയാണ് സ്വവര്‍ഗാനുരാഗിയായ ഒരാള്‍ വൈറ്റ് ഹൗസിലെത്തുന്ന സങ്കല്‍പിക്കാന്‍ പോലുമാകില്ലെന്ന് യുവതി പറഞ്ഞത്. വോട്ട് ചെയ്യുമ്പോള്‍ ഇക്കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.
യോഗത്തിലെ തര്‍ക്കം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. ഇതോടെ പീറ്റ് ബുട്ടിഗെയ്ഗ് സ്വവര്‍ഗാനുരാഗിയാണെന്നതിനെക്കുറിച്ച് ചര്‍ച്ചകളും തുടങ്ങി. എന്നാല്‍, ബുട്ടിഗെയ്ഗിന് തന്നെയാണ് ഇപ്പോഴും ലീഡ്.
ബുട്ടിഗെയ്ഗ് ബൈബിള്‍ വായിക്കുന്നത് നന്നായിരിക്കുമെന്ന് യുവതി ഉപദേശിച്ചു. യുവതിയുടെ അഭിപ്രായം മാനിക്കുന്നുവെന്ന് ഡെമോക്രാറ്റിക് നേതാവ് നിക്കി ഹീവര്‍ പറഞ്ഞു.