11 ദിവസത്തെ കോമ വിട്ടുണര്‍ന്നപ്പോള്‍ തേടിയെത്തിയത് പ്രിയതമയുടെ മരണവാര്‍ത്ത; പിന്നാലെ ഭര്‍ത്താവും യാത്രയായി !

New Update

publive-image

വാഷിംഗ്ടണ്‍: കൊവിഡ് ബാധിച്ച് 11 ദിവസം കോമയില്‍ കിടന്ന 69കാരന്‍ ഭാര്യ മരിച്ചതിന് പിന്നാലെ മരിച്ചു. അമേരിക്കയിലെ മേരിലാന്‍ഡിലാണ് സംഭവം നടന്നത്.

Advertisment

മാര്‍ച്ച് 30നാണ് ലോറന്‍സ് നോക്‌സ് എന്ന 69കാരനെ കൊവിഡ് ബാധിച്ച കരോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഒരാഴ്ചയോളം അതീവഗുരുതരാവസ്ഥയില്‍ ഇദ്ദേഹം കോമയില്‍ കിടന്നു.

11 ദിവസത്തിന് ശേഷം ഇദ്ദേഹം കോമയില്‍ നിന്ന് ഉണര്‍ന്നു. ഭാര്യ മിനെറ്റ് നോക്‌സിനെ കാണണമെന്ന ആഗ്രഹം ലോറന്‍സ് ഡോക്ടര്‍മാരെ അറിയിച്ചിരുന്നു.

പക്ഷേ, മിനെറ്റ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇക്കാര്യം ഡോക്ടര്‍മാര്‍ ലോറന്‍സിനെ അറിയിച്ചില്ല.

ലോറന്‍സിനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയ അന്ന് മുതല്‍ മിനെറ്റിന് കടുത്ത ക്ഷീണം അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു. പിന്നീട് ഇവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.

ഏപ്രില്‍ ഏഴിന് 72-ാം ജന്മദിനത്തിന് ഒരു ദിവസം മുമ്പ് ഹൃദയാഘാതം മൂലം മിനെറ്റ് മരിച്ചു. ഇവര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നെന്ന് മരണശേഷമാണ് സ്ഥിരീകരിച്ചത്.

ഭര്‍ത്താവിന്റെ ആരോഗ്യത്തെക്കുറിച്ച് മാത്രമായിരുന്നു മിനെറ്റിന്റെ ആകുലതകളെന്ന് ബന്ധുക്കള്‍ പറയുന്നു. മിനെറ്റിന്റെ മരണവാര്‍ത്ത അറിഞ്ഞതുമുതല്‍ ലോറന്‍സിന്റെ ആരോഗ്യനില വീണ്ടും വഷളായി.

അദ്ദേഹം ചികിത്സ നിര്‍ത്തി വീട്ടില്‍ പോകണമെന്ന് ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടു. മക്കളെയും പേരക്കുട്ടികളെയും വിളിച്ചുവരുത്തി സംസാരിച്ചു. തുടര്‍ന്ന് മിനെറ്റ് മരിച്ച് എട്ടു ദിവസത്തിന് ശേഷം ഏപ്രില്‍ 15ന് ലോറന്‍സും മരിച്ചു.

ഭാര്യയ്ക്ക് രോഗം വരാന്‍ താനാണ് കാരണമായതെന്ന് ലോറന്‍സ് പറയുമായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

മിറ്റ് എയറി മേരിലാന്‍ഡിലെ പ്ലസന്റ് വ്യൂ നഴ്‌സിംഗ് ഹോമില്‍ നഴ്‌സിംഗ് അസിസ്റ്റന്റായിരുന്നു ലോറന്‍സ്. ഇവിടുത്തെ 95 ജീവനക്കാരില്‍ 84 പേര്‍ക്കും കൊവിഡ് ബാധിച്ചിരുന്നു. ഈ നഴ്‌സിംഗ് ഹോമില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന പതിനൊന്നാമത്തെ ജീവനക്കാരനാണ് ലോറന്‍സ്.

Advertisment