കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ വൃത്തിയാക്കി ഉപയോക്താക്കള്‍; മോശം പ്രവണതയെന്ന് വിദഗ്ധര്‍; മൊബൈലുകള്‍ കേടാകുമെന്നും അഭിപ്രായം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം ലോകമെമ്പാടും അതിരൂക്ഷമാവുകയാണ്. സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക എന്നിവയാണ് കൊവിഡ് മഹാമാരിയില്‍ നിന്ന് രക്ഷ നേടാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രധാനമാര്‍ഗം.

Advertisment

publive-image

എന്നാല്‍ കൊവിഡ് വ്യാപനം ചെറുക്കാന്‍ മൊബൈല്‍ ഫോണുകളും സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുന്ന പ്രവണത വര്‍ധിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ ഇത്തരത്തില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കേടുവന്ന മൊബൈല്‍ ഫോണുകള്‍ നന്നാക്കാന്‍ കടകള്‍ക്ക് മുമ്പില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

സാനിറ്റൈസര്‍ ഉപയോഗിക്കുമ്പോള്‍ ഫോണില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിക്കുകയും ഡിസ്‌പ്ലേ, ഹെഡ്‌ഫോണ്‍ തുടങ്ങിയവ തകരാറിലാകുന്നതും വര്‍ധിക്കുകയാണ്. ഇത്തരത്തില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണുകള്‍ വൃത്തിയാക്കരുതെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.

പകരം മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് ലഭിക്കുന്ന ആന്റി ബാക്ടീരിയല്‍ ടിഷ്യൂ ഉപയോഗിച്ച് മൊബൈല്‍ വൃത്തിയാക്കാം. ഇതുവഴി 70 ശതമാനം വരെ മൊബൈല്‍ ഫോണ്‍ അണുവിമുക്തമാക്കാം. എന്നാല്‍ മൊബൈല്‍ ഓഫ് ചെയ്തായിരിക്കണം അണുവിമുക്തമാക്കേണ്ടത്. മൊബൈല്‍ റിപ്പയര്‍ കടകളില്‍ പോയി ഇത് ചെയ്യിക്കുന്നതാകും അഭികാമ്യമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ, സാനിറ്റൈസര്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ വൃത്തിയാക്കിയപ്പോള്‍ സ്‌ക്രീന്‍ നശിച്ചുപോയ അനുഭവം റിയാലിറ്റി ഷോയായ 'ബിഗ് ബോസി'ലെ താരം ഹിന ഖാന്‍ പങ്കുവച്ചിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ഹിന ഇത് വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പകരം ചൂടുവെള്ളത്തില്‍ മുക്കിയ നാപ്കിന്‍ വച്ച്‌ മൊബൈൽ തുടയ്ക്കുന്നതാണ് നല്ലതെന്നാണ് ഹിനയുടെ അഭിപ്രായം.

അതേസമയം, ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 118645 ആയി. ഇന്ന് മാത്രം 1652 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 58 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ഡല്‍ഹിയിലെ മരണസംഖ്യ 3545 ആയി ഉയര്‍ന്നു. ഇതുവരെ 97693 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 17407 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment