എന്റെ നിറം ഓസീസ് ടീമില്‍ കളിക്കാന്‍ യോജിച്ചതല്ലെന്ന് പറഞ്ഞു; ഓസ്‌ട്രേലിയയില്‍ വംശീയാധിക്ഷേപം നേരിട്ടു; വെളിപ്പെടുത്തലുമായി ഉസ്മാന്‍ ഖവാജ

സ്പോര്‍ട്സ് ഡസ്ക്
Saturday, June 5, 2021

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ വര്‍ണവിവേചനത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി ഓസീസ് താരം ഉസ്മാന്‍ ഖവാജ. നിറത്തിന്റെ പേരില്‍ ഞാനൊരിക്കലും ഓസ്‌ട്രേലിയന്‍ ടീമില്‍ കയറില്ലെന്ന് പറഞ്ഞവരുണ്ടായിരുന്നുവെന്ന് ഖവാജ പറഞ്ഞു. ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ചെറുപ്പത്തില്‍ വര്‍ണ വിവേചനത്തിന് ഇരയായതിനെ കുറിച്ച് ഖവാജ വെളിപ്പെടുത്തിയത്.

”എന്റെ ചെറുപ്പകാലത്ത് ഓസ്‌ട്രേലിയയിലായിരിക്കുമ്പോള്‍ പലപ്പോഴും കേട്ടിരുന്നത് ഞാന്‍ ഒരിക്കലും ഓസ്‌ട്രേലിയക്കായി കളിക്കാന്‍ പോകുന്നില്ല എന്നാണ്. എന്റെ നിറം അതിന് ഇണങ്ങുന്നതല്ലെന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്. ഞാന്‍ ടീമിന് യോജിക്കുന്ന ആളല്ലെന്നും എന്നെ തിരഞ്ഞെടുക്കില്ലെന്നും പറയുമായിരുന്നു. അതായിരുന്നു അന്നത്തെ ചിന്താഗതി. എന്നാലിപ്പോള്‍ അത് മാറിവരുന്നുണ്ട്. ഇപ്പോള്‍ ഓസ്ട്രേലിയന്‍ ടീമില്‍ ഒരു ഭാഗമായത് പോലെയാണ് തോന്നുന്നത്.” ഖവാജ പറഞ്ഞുനിര്‍ത്തി.

ഓസീസിനായി 44 ടെസ്റ്റുകളില്‍ നിന്ന് 2887 റണ്‍സാണ് ഖവാജ നേടിയത്. ഇതില്‍ എട്ട് സെഞ്ചുറികളും ഉള്‍പ്പെടും. 40 ഏകദിനങ്ങളില്‍ 1554 റണ്‍സും നേടി. ഇതില്‍ രണ്ട് സെഞ്ചുറികളുണ്ടായിരുന്നു.

×