Advertisment

ഞാന്‍ കൊന്നിട്ടില്ല, ഉത്രയുടെ വീട്ടില്‍ കുപ്പി കൊണ്ടുവച്ചത് പൊലീസ്; എന്നെ മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണ്; മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ് സൂരജ്‌

New Update

പത്തനംതിട്ട: ഉത്ര കൊലപാതക കേസിൽ മുഖ്യപ്രതി സൂരജിനെ അടൂര്‍ പാറക്കോട്ടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. തെളിവെടുപ്പിനിടെ കുറ്റം വീണ്ടും നിഷേധിച്ച സൂരജ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. ഉത്രയെ താന്‍ കൊന്നിട്ടില്ലെന്നും ഉത്രയുടെ വീട്ടിൽ കുപ്പി കൊണ്ടുവച്ചത് പൊലീസാണെന്നും സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് തന്നെ മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നും സൂരജ് കൂട്ടിച്ചേര്‍ത്തു.

Advertisment

publive-image

നാടകീയ രംഗങ്ങളാണ് സൂരജിന്‍റെ വീട്ടിലെ തെളിവെടുപ്പിനിടെ അരങ്ങേറിയത്. പൊലീസ് തന്നെ മര്‍ദ്ദിച്ചുവെന്നും അച്ഛനെയും സഹോദരിയെയും ഭീഷണിപ്പെടുത്തിയെന്നും സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. ഉത്രയെ കൊല്ലുന്നതിനായി പാമ്പിനെ ഇട്ടുകൊണ്ടുവന്നു എന്ന് പറയുന്ന കുപ്പി പൊലീസാണ് കൊണ്ടുവന്ന് വെച്ചതെന്നും സൂരജ് പറഞ്ഞു. അതേസമയം, സൂരജിന്‍റെ വീട്ടില്‍ നിന്ന് കാര്യമായ തെളിവൊന്നും ലഭിച്ചില്ലെന്നാണ് വിവരം.

ഉത്രയെ കൊന്നത് താനാണെന്ന് സൂരജ് നേരത്തെ പൊലീസിനോട് കുറ്റംസമ്മതിച്ചിരുന്നു. സ്വത്ത് മോഹിച്ചാണ് താന്‍ ഉത്രയെ കൊലപ്പെടുത്തിയത് എന്നായിരുന്നു കുറ്റസമ്മതം. ഉത്രയുടെ വീട്ടിൽ നിന്ന് കൂടുതൽ പണവും സ്വത്തും തേടി പലപ്പോഴും വഴക്കുണ്ടായിരുന്നുവെന്നും വിവാഹമോചനം ഭയന്നാണ് ഉത്രയെ കൊന്നത് എന്നുമാണ് സൂരജിന്‍റെ കുറ്റസമ്മത മൊഴി. അതേസമയം, ഉത്രയുടെ മരണം പാമ്പ് കടിയേറ്റത് മൂലമെന്ന പോസ്റ്റ്‍മോർട്ടം റിപ്പോർട്ടും ഇന്ന് പുറത്ത് വന്നു .വിഷം നാഡിവ്യൂഹത്തിനെ ബാധിച്ചുവെന്നും അന്വേഷണസംഘത്തിന് ലഭിച്ച റിപ്പോർട്ടില്‍ പറയുന്നു.

2018- മാർച്ച് 26-നായിരുന്നു ഉത്രയുടെയും സൂരജിന്‍റെയും വിവാഹം. വിവാഹശേഷം ഉത്രയെ മാനസികമായും ശാരീരികമായും സൂരജ് പീഡിപ്പിച്ചിരുന്നു എന്നാണ് വിവരം. ഇത് ഉത്രയുടെ കുടുംബത്തിന് അറിയാമായിരുന്നു. അതുകൊണ്ടാണ് സൂരജിന്‍റെ വീട്ടിൽ വച്ച് ഇവർ തമ്മിൽ വഴക്കായ വിവരം അറിഞ്ഞ് അച്ഛൻ വിജയസേനനും സഹോദരപുത്രൻ ശ്യാമും സൂരജിന്‍റെ വീട്ടിലെത്തി വിവരം അന്വേഷിച്ചത്. ഉത്രയെ ഇങ്ങനെ ദ്രോഹിച്ചാൽ വിവാഹമോചനം തന്നേയ്ക്കാൻ അച്ഛനടക്കം പറയുകയും ചെയ്തു.

വിവാഹമോചനത്തിലേക്ക് കാര്യമെത്തിയപ്പോഴാണ് സൂരജിന് സ്ത്രീധനത്തുക മുഴുവൻ തിരികെ നൽകേണ്ടി വരുമെന്ന് മനസ്സിലായത്. 96 പവൻ, 5 ലക്ഷം രൂപ, കാർ, മൂന്നേകാൽ ലക്ഷം രൂപയുടെ പിക്കപ്പ് ഓട്ടോ എന്നിവയെല്ലാം തിരിച്ച് കൊടുക്കേണ്ടി വരും. ഉത്രയുടെ അമ്മ അടുത്ത മാസം വിരമിക്കുമ്പോൾ കിട്ടുന്ന 65 ലക്ഷം രൂപ രണ്ട് മക്കൾക്കുമായി വീതിച്ച് കൊടുക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നതാണ്. അതും കയ്യിൽ നിന്ന് പോകും. ഇതോടെ അനുനയത്തിന്‍റെ പാതയിലായി സൂരജും കുടുംബവും. തുടർന്നാണ് ഉത്രയെ കൊല്ലാൻ സൂരജ് പദ്ധതി ആസൂത്രണം ചെയ്ത് തുടങ്ങിയത്. ഉത്ര മരിച്ചാൽ കുഞ്ഞിന്‍റെ പേരിലോ, സൂരജിന്‍റെ പേരിലോ ആയി സ്വത്ത് എഴുതിക്കിട്ടുമെന്ന് സൂരജ് കണക്കുകൂട്ടി.

uthra murder uthra death
Advertisment