ഉത്രയുടെ മരണത്തിന് പിന്നാലെ വീട്ടുകാര്‍ സംശയങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയത് വാവ സുരേഷില്‍ നിന്നും; സൂരജിന്റെ വീടിരിക്കുന്ന പ്രദേശത്ത് നേരത്തെ പാമ്പ് പിടിക്കാന്‍ വാവ എത്തിയിരുന്നു; അവിടുത്തെ മണ്ണിന്റെ സ്വഭാവം അനുസരിച്ച് അണലി വര്‍ഗത്തിലുള്ള പാമ്പുകള്‍ വരില്ലെന്ന് വാവ ഉറപ്പിച്ചു പറഞ്ഞു; വീടിന്റെ തറകളിലുള്ള മിനുസമുള്ള ടൈലില്‍ കൂടിയും ഇഴഞ്ഞു കയറാന്‍ പാമ്പിന് സാധിക്കില്ലെന്നും വാവ പറഞ്ഞിരുന്നു; സംശയങ്ങള്‍ വര്‍ധിച്ചപ്പോള്‍ വീട്ടുകാരോട് പരാതി കൊടുക്കാന്‍ നിര്‍ദേശിച്ചതും വാവ സുരേഷ് തന്നെ

ന്യൂസ് ബ്യൂറോ, കൊല്ലം
Wednesday, May 27, 2020

കൊല്ലം: യുവതിയ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സുരജിനെയും പാമ്പുപിടുത്താക്കാരൻ സുരേഷിനെയും കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉത്രയുടെ വീട്ടില്‍ സൂരജിനെയും സുരേഷിനെയും പൊലീസ് തെളിവെടുപ്പിനെത്തിച്ചിരുന്നു. പാമ്പിനെ കൊണ്ടുവന്ന കുപ്പി അന്വേഷണ സംഘം ഇന്നലെ കണ്ടെത്തിയിരുന്നു.

കേസില്‍ വാവ സുരേഷിനെ സാക്ഷിയാക്കുമെന്ന വിവരമാണ് അവസാനമായി പുറത്തുവരുന്നത്. പാമ്പുകളെ സംബന്ധിച്ചുള്ള കാര്യങ്ങളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരേക്കാള്‍ അറിവും അനുഭവ സമ്പത്തും വാവ സുരേഷിനുള്ളതുകൊണ്ടാണ് പൊലീസ് ഇങ്ങനെ ഒരു നിര്‍ണായക നീക്കം നടത്തുന്നത്.

പാമ്പിനെക്കൊണ്ട് കടിപ്പിച്ച് യുവതിയെ കൊലപ്പെടുത്തിയ അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ കേസുകളിലൊന്നാണ് ഇത്. അതുകൊണ്ടാണ് കേസില്‍ വാവ സുരേഷിനെ സാക്ഷിയാക്കാന്‍ പൊലീസ് തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തെ സഹായിക്കണമെന്ന് വാവസുരേഷിനോട് പൊലീസ് അഭ്യര്‍ത്ഥിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുടെയും കെബി ഗണേഷ് കുമാര്‍ എംഎല്‍എ, സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, ഉത്രയുടെ കുടുംബങ്ങള്‍ എ്ന്നിവരുടെ അഭ്യര്‍ത്ഥന മാനിച്ച് കേസില്‍ വാവ സുരേഷ് മൊഴിനല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഉത്രയുടെ മരണത്തിന് പിന്നാലെ വീട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കും ഉയര്‍ന്ന സംശയങ്ങള്‍ വാവ സുരേഷിനോട് ചോദിച്ച് തീര്‍ത്തിരുന്നു. ഉത്രയ്ക്ക് ആദ്യം അണലിയില്‍ നിന്നും കടിയേറ്റ വിവരം അറിഞ്ഞ ഉടന്‍ തന്നെ വാവ സുരേഷ് സംഭവത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് വിട് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ കുറിച്ച് വാവ മനസിലാക്കിയിരുന്നു. ഇതിന് മുമ്പ് സൂരജിന്റെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വാവ പാമ്പിനെ പിടിക്കാന്‍ എത്തിയിരുന്നു. അവിടെയുള്ള ഭൂപ്രകൃതിയും മണ്ണിന്റെ ഘടനയും അനുസരിച്ച് അണലി വര്‍ഗത്തില്‍പ്പെട്ട പാമ്പുകള്‍ ഉണ്ടാകില്ലെന്ന് വാവ സുരേഷ് തറപ്പിച്ച് പറഞ്ഞിരുന്നു

വീടിന്റെ മുറിയോട് ചേര്‍ന്ന് മരങ്ങളോ മറ്റ് വള്ളിപ്പടര്‍പ്പുകളോ ഒന്നും തന്നെ ഇല്ല. വീടിന്റെ തറകളില്‍ മിനുസമുള്ള ടൈലുകളാണുള്ളത്. ഇതിലൂടെ പാമ്പുകള്‍ക്ക് വേഗത്തിലോ ഉയരത്തിലോ ഇഴഞ്ഞു കയറാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ അണലിയെ ആരോ വീടിന്റെ മുകളില്‍ എത്തിച്ചതാണെന്ന് വാവ സുരേഷ് പറഞ്ഞിരുന്നു. കൂടാതെ അണലിയുടെ കടിയേറ്റാല്‍ ശക്തമായ വേദനയും പുകച്ചിലും മറ്റ് അസ്വസ്ഥതകളും പ്രകടിപ്പിക്കും. മാത്രമല്ല, ഏത് കഠിനമായ ഉറക്കത്തിലും അണലി കടിച്ചാല്‍ അറിയും. എന്നാല്‍ ഉത്ര പാമ്പ് കടിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചത്. കൂടാതെ ഉത്രയ്ക്ക് പാമ്പ് കടി അറിയാന്‍ കഴിയാത്ത വിധത്തില്‍ എന്തോ നല്‍കി മയക്കിക്കിടത്തിയതാവമെന്ന സംശയത്തിനും ഇത് കാരണമായി.

ഈ സംശയങ്ങളെല്ലാം ഉടലെടുത്തതോടെ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കണമെന്ന് വാവ സുരേഷ് ബന്ധുക്കളോട് നിര്‍ദ്ദേശിച്ചിരുന്നു. കേസില്‍ ഇപ്പോല്‍ സൂരജും കൂട്ടുപ്രതി സുരേഷും അറസ്റ്റിലായതോടെ കൂടുതല്‍ വിവരങ്ങള്‍ ഇവരില്‍ നിന്നും ലഭ്യമാകുമെന്നാണ് പൊലീസ് കരുതുന്നത്. കേസില്‍ എന്തായാലും വാവ സുരേഷിന്റെ മൊഴി നിര്‍ണായകമായേക്കും.

×