ഉത്ര കൊലപാതകം: വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു; സൂരജിൻ്റെ വീട്ടുകാരും പ്രതിപട്ടികയില്‍; ഉത്രയുടെ മകനെ വിട്ട് കിട്ടണമെന്ന് അച്ഛൻ വിജയസേനന്‍   

ന്യൂസ് ബ്യൂറോ, കൊല്ലം
Monday, May 25, 2020

കൊല്ലം: ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഗാർഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. സൂരജിൻ്റെ വീട്ടുകാരും വനിതാ കമ്മീഷന്‍റെ പ്രതിപട്ടികയിലുണ്ട്. വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ ഉത്രയുടെ വീട് സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കും.

ഇതിനിടെ, സംഭവത്തില്‍ പൊലീസിനെതിരെ സൂരജിന്റെ അമ്മ രംഗത്തുവന്നു. ഉത്രയുടെ ഭര്‍ത്താവും കേസിലെ ഒന്നാം പ്രതിയുമായ സൂരജിനെതിയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നാണ് സൂരജിന്‍റെ മാതാപിതാക്കളുടെ ആരോപണം. സൂരജിനെതിരെയുള്ളത് കള്ളകേസാണെന്നും മകനെ മര്‍ദ്ദിച്ച് കുറ്റംസമ്മതിപ്പിച്ചതായിരിക്കുമെന്നും സൂരജിന്‍റെ അമ്മ രേണുക പറഞ്ഞു.

അതേസമയം, ഉത്രയുടെ മകനെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഉത്രയുടെ കുടുംബം. സൂരജിന്‍റെ കുടുംബം ക്രിമിനൽ സ്വഭാവം ഉള്ളവരാണാണെന്നും ചെറുമകനെ വിട്ടു കിട്ടണമെന്നും അച്ഛൻ വിജയസേനന്‍ പ്രതികരിച്ചു.

×