സൂരജ് പാമ്പുകളെ വാങ്ങിയതും ഉത്രയുടെ സ്വർണം വിറ്റ പണത്തിൽ നിന്ന്; പാമ്പിനെക്കൊണ്ട് കടിപ്പിക്കും മുൻപ് 92 പവൻ സ്വർണം ലോക്കറിൽ നിന്നും മാറ്റി; സൂരജിന് മറ്റു യുവതികളുമായും ബന്ധം

ന്യൂസ് ബ്യൂറോ, കൊല്ലം
Monday, May 25, 2020

കൊല്ലം: അഞ്ചല്‍ സ്വദേശിനി പാമ്പ് കടിയേറ്റ് മരിച്ചസംഭവം കൊലപാതകമെന്ന് തെളിയുമ്പോൾ കേട്ടുകേൾവിയില്ലാത്ത കൊലപാതക രീതിയിൽ ഞെട്ടിയിരിക്കുകയാണ് കേരള സമൂഹം. ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേൽക്കുന്നത് മാർച്ച് രണ്ടിന് സൂരജിൻ്റെ വീട്ടിൽ വച്ചാണ്. അന്നു രാവിലെ തന്നെ 92 പവൻ സ്വർണം അടൂരിലെ ബാങ്ക് ലോക്കറിൽ നിന്ന് സൂരജ് മാറ്റിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

ഉത്രയുടെയും സൂരജിൻ്റെയും പേരിലായിരുന്നു ലോക്കർ. നൂറു പവനാണ് വിവാഹ സമയത്ത് ഉത്രയ്ക്ക് വീട്ടുകാർ നൽകിയത്. ആദ്യം പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയവെ ഉത്രയുടെ അച്ഛൻ്റെ കൈയിൽ 24 പവൻ ഏൽപ്പിച്ച് സൂരജ് പണയം വയ്പ്പിച്ചു. കാർ വാങ്ങാനെന്നാണ് പറഞ്ഞിരുന്നത്. ഉത്രയെ സമ്മർദ്ദിലാക്കി വീട്ടുകാരിൽ നിന്ന് പല തവണ പണം വാങ്ങിയിരുന്നെന്നും മൊഴിയുണ്ട്. ഉത്രയുടെ സ്വർണം വിറ്റ പണത്തിൽ നിന്നാണ് പാമ്പുകളെ വാങ്ങിയതും.

സൂരജിന് മറ്റു ചില യുവതികളുമായി അടുപ്പമുണ്ടായിരുന്നെന്ന് കോൾ ലിസ്റ്റ് പരിശോധനയിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിരന്തരം ഇയാൾ യൂട്യൂബിൽ കണ്ടത് പാമ്പിനെ ഉപയോഗിച്ച് കടിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു.

ഉത്രയ്ക്ക് സർപ്പദോഷമുണ്ടെന്ന് വരുത്തിത്തീർക്കാനും ശ്രമം നടന്നു. പാമ്പാട്ടിൽ നിന്ന് ആദ്യം സൂരജ് പാമ്പിനെ വാങ്ങിയത് സ്വന്തം വീട്ടിൽ വച്ചാണ്. ഇത്തിക്കര പാലത്തിനടത്തുവച്ച് രണ്ടാമതും പാമ്പിനെ വാങ്ങി. പാമ്പിനെ എത്തിച്ചു നല്‍കിയ കല്ലുവാതുക്കല്‍ സ്വദേശി സുരേഷും അറസ്റ്റിലായിട്ടുണ്ട്.

×