സ്ത്രീകളെ കച്ചവടച്ചരക്കാക്കി കല്യാണം കഴിപ്പിച്ച് കൊടുക്കല്ലേ ?”

ന്യൂസ് ബ്യൂറോ, ദുബായ്
Monday, May 25, 2020

കൊല്ലം അഞ്ചൽ ഏറം വെള്ളാശ്ശേരിൽ വീട്ടിൽ ഉത്രയുടെ(25 വയസ്സ് ) കൊലപാതകം കേരളയീയ ജനതയ്ക്ക് തരുന്ന കാഴ്ചപ്പാടുകൾ വളരെ വലുതാണ് .പലവേദികളിലും സ്ത്രീകളുടെ ഉന്നമനത്തിനും സ്വാതന്ത്രത്തിനും വേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന സ്ത്രീശാക്തീകരണ വനിതാ നേതാക്കൾ ഇന്ന് വരെ സ്ത്രീധനം നിരോധിക്കാൻ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ നിയമം കൊണ്ട് വരാൻ നിരത്തിലിറങ്ങാഞ്ഞതെന്തേ ?.

നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങെളയും എതിർക്കാൻ വനിതാമതിൽ തീർത്ത കേരളത്തിൽ എന്ത് കൊണ്ട് സ്ത്രീധനനിരോധനം കൊണ്ടുവരാത്തതിന്റെ പേരിൽ ഒരു മതിൽ ഉണ്ടാക്കാൻ ശ്രമിച്ചില്ല ?.

ഇതിൽനിന്നെല്ലാം നമ്മൾ വായിച്ചെടുക്കേണ്ട ചിലതുകളിലേക്ക് കടന്നു ചെന്നാൽ അറിയാൻ കഴിയുന്നതെന്തെന്നാൽ സാമൂഹ്യ നീതിബോധത്തോടുള്ള ശരിയായ കാഴ്ചപ്പാടിലേക്ക് മലയാളികൾ ഇന്നും ആഴ്ന്നിറങ്ങുന്നില്ല എന്നതാണ് . എന്തിനും ഏതിനും രാഷ്ട്രീയവും മതവും കൂട്ടിക്കലർത്തി പലതിനെതിരെയും വിരൽ ചൂണ്ടുന്നവരെ ഒതുക്കുന്നപ്രവണതയാണുള്ളത് . ഇന്നും നമ്മുടെ നാട്ടിൽ സ്ത്രീകളെ വില്പനച്ചരക്കാക്കുന്ന ഈ കച്ചവട കല്യാണങ്ങൾ എന്നേ നിരോധിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു .

ഒരു പെൺകുട്ടിയെ കല്യാണം ആലോചിക്കുമ്പോൾ തന്നെ കിട്ടുന്ന സ്വർണത്തിന്റെയും പണത്തിന്റെയും കണക്കനുസരിച്ച് നിശ്ചിത ശതമാനം കമ്മീഷൻ ബ്രോക്കർക്ക് കൊടുക്കുന്നുണ്ടെന്നുവരെ ഇവിടെ പകൽ പോലെ തെളിഞ്ഞുകിടക്കുന്ന സത്യങ്ങളാണ് .

ചില മാതാപിതാക്കൾ ഭാവിതലമുറയ്ക്ക് വേണ്ടി മക്കൾക്ക് സ്വരുക്കൂട്ടി വയ്ക്കുന്ന പണം സ്ത്രീധനമായി പറഞ്ഞും പറയാതെയും കൊടുക്കുന്നുണ്ട് . ഇതിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നതെന്തെന്നാൽ പണമാണ് ജീവിതത്തിൽ ഏറ്റവും വലുത് എന്നുള്ള കാഴ്ചപ്പാടാണ് . ഒരു മനുഷ്യൻ വിദ്യനേടുന്നതിനേക്കാളും അപ്പുറത്തേക്ക് പണം കൊണ്ട് അറിവ് നേടുന്ന കാലത്ത് മേല്പറഞ്ഞ കാഴ്ചപ്പാടുകളുള്ള മാതാപിതാക്കളെ എങ്ങനെ മാറ്റും അല്ലെങ്കിൽ ആര് മാറ്റും .

വിവാഹത്തിലൂടെ നല്ലൊരു കുടുംബജീവിതമാണ് മാതാപിതാക്കൾ പ്രതീക്ഷിക്കുന്നതെങ്കിൽ ദയവു ചെയ്തത് പണത്തെ സ്നേഹിക്കുന്ന മനുഷ്യന് പെൺകുട്ടികളെ വിവാഹം ചെയ്തത് കൊടുക്കാതിരിക്കുക . പണം ജീവനില്ലാത്ത വെറും പേപ്പർ കഷ്ണമാണെന്നും , ഈ പേപ്പറുകഷ്ണത്തെ സ്നേഹിക്കുന്ന ഒരു പുരുഷനും മനുഷ്യനെ ശരിയാവിധത്തിൽ സ്നേഹിക്കാൻ കഴിയില്ലെന്നറിയണം . മനുഷ്യസ്നേഹിയായ മനുഷ്യനിൽ പണവും അധികാരവും വന്നാൽ മാത്രമേ നാട്ടിൽ ശാന്തിയും സമാധാനവും നിലനിൽക്കൂ .

സാമൂഹ്യ നീതിബോധം പണംകൊണ്ടും പദവികൊണ്ടും കിട്ടില്ല . മറ്റുള്ളവന്റെ അവകാശങ്ങൾ തട്ടിയെടുക്കുന്ന ഒരു ജനതയ്ക്ക് മുന്നിൽ ഇനിയും സ്ത്രീകളെ കച്ചവടച്ചരക്കാക്കുന്ന സ്ത്രീധനം വാങ്ങിയുള്ള വിവാഹം നിർത്തലാക്കാൻ ഉടനടി നിയമം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ് . കൂടാതെ മിനിമം ചിലവിൽ വിവാഹം നടത്താൻ പാടൂ എന്നുള്ള നിയമവും കൂട്ടിച്ചേർക്കപെട്ടു സമൂഹത്തിൽ എല്ലാത്തരത്തിലുള്ള ജനവിഭാഗങ്ങൾക്കും ഒരേ രീതിയിൽ മക്കളെ വിവാഹം കഴിപ്പിച്ച് കൊടുക്കാൻ ഒരു തലം എത്രയും പെട്ടെന്ന് സംജാതമാക്കേണ്ടിയിരിക്കുന്നു ..

ഒരു സൃഷ്ടി രൂപപ്പെടാൻ ഒരു പ്രക്രിയ ആവശ്യമെന്നു നമ്മുക്കെല്ലാവർക്കുമറിയാം . അതെ സൃഷ്ടിയെ ഇല്ലായ്മചെയ്യാൻ വെറും നിമിഷങ്ങൾ മതി . ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ ജീവൻ എല്ലാവര്ക്കും ഒരുപോലെയിരിക്കെ സ്ത്രീധനത്തിന്റെ പേരിൽ ഒരു പുരുഷന്റെ പോലും ജീവൻ ഈ പ്രബുദ്ധകേരളത്തിൽ പൊലിഞ്ഞിട്ടുണ്ടോ ? .
പുരുഷമേധാവിത്തത്തിന് അടിമപ്പെടേണ്ടതല്ല ഒരു സ്ത്രീയുടെ ജീവിതം .
ലോകം മുഴുവൻ കൊറോണ പടർന്ന് പിടിക്കുന്ന ഈ കെട്ടകാലത്തിൽ ഇപ്പോഴും പണത്തിനുപിറകേ ആക്രാന്തം പിടിച്ച് ഓടുന്ന സൂരജ് (ഉത്രയുടെ ഭർത്താവ് ) പോലെയുള്ള യുവ തലമുറ നാടിന് ശാപമാണെന്നോർക്കണം . നമ്മളിൽ പലരും ആണ് ഇത്തരം ആളുകളെ വളർത്തുനന്നതെന്നാലോചിക്കുമ്പോൾ ചങ്ക് പിളരുകയാണ് .

പ്രിയ സമൂഹമേ , ഇനിയെങ്കിലും ഈ പ്രബുദ്ധ കേരളത്തിൽ സ്ത്രീധനത്തിന്റെ മറവിൽ അല്ലെങ്കിൽ സ്വത്തിന്റെ പേരിൽ ഒരു സ്ത്രീയുടെയും ജീവൻ നഷ്ടപ്പെടാൻ നമ്മൾ അനുവദിക്കരുത് .

ഇന്നൊരു ഉത്ര, നാളെ നിങ്ങളുടെയോ എന്റെ മകൾക്കായിരിക്കാം ഈ അവസ്ഥ . അനുവദിക്കരുത് , പ്രതികരിക്കുക . വേണ്ട നിയമനടപടികൾ കൊണ്ടുവരാൻ പരിശ്രമിക്കുക …..

(മേല്പറഞ്ഞതെല്ലാം കേരളത്തിൽ നടന്ന ഉത്ര കൊലപാതകവുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ വായിച്ചപ്പോൾ മനസ്സിൽ ഉടലെടുത്ത ചിന്തകൾ ആണ് )

×