മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയുണ്ടായിട്ടും ഗ്രൂപ്പുകളി വിടാതെ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസിന് കാര്യമായ നേട്ടമുണ്ടാക്കാനാവാത്തതിന് പിന്നില്‍ ജില്ലയിലെ പ്രമുഖ നേതാക്കളുടെ ഗ്രൂപ്പുകളിയാണെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. പാര്‍ട്ടിയെ മറന്നു ഗ്രൂപ്പിനുവേണ്ടി മാത്രം നിലകൊള്ളുന്ന നേതാക്കളെ മാറ്റി നിര്‍ത്തണെമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.
ജില്ലയില്‍ എക്കാലത്തും മുസ്ലീംലീഗിന് പിന്നിലാണ് കോണ്‍ഗ്രസ്. ഇവിടെ കോണ്‍ഗ്രസിനെ മുമ്പിലേക്ക് നയിക്കാനുള്ള നേതൃത്വം വരണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. എന്നാല്‍ ജില്ലയില്‍ നടക്കുന്നത് ഗ്രൂപ്പു വിഴുപ്പലക്കലുകള്‍ മാത്രമാണെന്നാണ് ഇവരുടെ വിമര്‍ശനം.
തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ എ, ഐ ഗ്രൂപ്പുകളില്‍ പിളര്‍പ്പുണ്ടായി കഴിഞ്ഞു. എ വിഭാഗത്തില്‍ ആര്യാടന്‍ മുഹമ്മദിന്റെ മകനും സംസ്‌ക്കാര സാഹിതി സംസ്ഥാന പ്രസിഡന്റുമായ ആര്യാടന്‍ ഷൗക്കത്തും കെപിസിസി ജനറല്‍ സെക്രട്ടറി ഇ മുഹമ്മദ് കുഞ്ഞിയുടെയും നേതൃത്വത്തില്‍ രണ്ടായാണ് എ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ വിജയിക്കാനാവാത്തതില്‍ കടുത്ത ഭിന്നതയാണ് എ ഗ്രൂപ്പിനുണ്ടായത്.
ഐ ഗ്രൂപ്പിലാകട്ടെ പോര് പിടി അജയമോഹനും എപി അനില്‍കുമാറും തമ്മിലാണ്. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ എപി അനില്‍ കുമാര്‍ ഐ ഗ്രൂപ്പ് വിട്ട് കെസി വേണുഗോപാലിനൊപ്പം ചേര്‍ന്നു കഴിഞ്ഞു. ജില്ലയിലെ മറ്റൊരു പ്രമുഖ നേതാവായ വി ബാബുരാജാകട്ടെ ഗ്രൂപ്പിനതീതയമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്.
തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം മലപ്പുറത്തെത്തിയ രമേശ് ചെന്നിത്തല ഗ്രൂപ്പുയോഗം വിളിച്ചെങ്കിലും പിടി അജയമോഹനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും മാത്രമാണ് യോഗത്തിനെത്തിയത്. ഇതോടെ ഗ്രൂപ്പില്‍ വിള്ളലുണ്ടായെന്ന വിലയിരുത്തലിലാണ് ചെന്നിത്തലയും. ഡിസിസി അധ്യക്ഷ പദവി ലക്ഷ്യമിട്ട് ഐ വിഭാഗം കൂടുതല്‍ ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നാണ് സൂചന.
അതിനിടെ വിവി പ്രകാശിന്റെ മരണത്തോടെ ഒഴിവുവന്ന ഡിസിസി അധ്യക്ഷ സ്ഥാനം ലക്ഷ്യമിട്ട് പല മുതിര്‍ന്ന നേതാക്കളും നീക്കങ്ങളാരംഭിച്ചിട്ടുണ്ട്. ചിലര്‍ ഹൈക്കമാന്‍ഡിനെ സ്വാധീനിക്കാനായി ഡല്‍ഹിക്ക് വിമാനം കയറിയെങ്കിലും നിരാശരായി മടങ്ങി. ആര്യാടന്‍ ഷൗക്കത്ത്, വി ബാബുരാജ് എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കുന്നത്.
ജില്ലയിലെ പ്രവര്‍ത്തകരുമായുള്ള വ്യക്തി ബന്ധവും ഗ്രൂപ്പുകള്‍ക്ക് അതീതമായുള്ള പിന്തുണയുമാണ് വി ബാബുരാജിന് ഗുണമാകുന്നത്. കോവിഡ് കാലത്ത് സന്നദ്ധ പ്രവര്‍ത്തനത്തിലും സജീവമാണ് ബാബുരാജ്. അതേസമയം വിവി പ്രകാശ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ഡിസിസിയുടെ താല്‍ക്കാലിക ചുമതല വഹിച്ചത് ആര്യാടന്‍ ഷൗക്കത്തായിരുന്നു.