കേരളം

നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തുണ്ടായിരുന്ന ബി.ജെ.പി- സി.പി.എം അന്തര്‍ധാരയുടെ ഭാഗമാണോ സിലബസ് പരിഷ്‌ക്കരണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു; കമ്മ്യൂണിസ്റ്റ് മുഖപടങ്ങള്‍ക്ക് പിന്നില്‍ ആര്‍.എസ്.എസ് ആര്‍ത്തു ചിരിക്കുന്നതിന്റെ തെളിവാണിത്: വിമര്‍ശനവുമായി വി.ഡി. സതീശന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, September 11, 2021

തിരുവനന്തപുരം: എം.എ ഗവേണന്‍സ് ആന്റ് പൊളിറ്റിക്‌സ് സിലബസില്‍ ആര്‍.എസ്.എസ് ആചാര്യന്‍മാരായ സവര്‍ക്കറുടെയും ഗോള്‍വര്‍ക്കറുടെയും ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയ നടപടി പിന്‍വലിക്കില്ലെന്ന നിലപാട് പുനഃപരിശോധിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഗാന്ധി ഘാതകരുടെ ആത്മീയ രാഷ്ട്രീയ ആചാര്യന്‍മാര്‍ക്ക് സിലബസില്‍ ഇടം നല്‍കിയ സര്‍വകലാശാല നടപടി അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്…

എം.എ ഗവേണന്‍സ് ആന്റ് പൊളിറ്റിക്‌സ് സിലബസില്‍ ആര്‍.എസ്.എസ് ആചാര്യന്‍മാരായ സവര്‍ക്കറുടെയും ഗോള്‍വര്‍ക്കറുടെയും ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയ നടപടി പിന്‍വലിക്കില്ലെന്ന നിലപാട് പുനഃപരിശോധിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല തയാറാകണം. ഗാന്ധി ഘാതകരുടെ ആത്മീയ രാഷ്ട്രീയ ആചാര്യന്‍മാര്‍ക്ക് സിലബസില്‍ ഇടം നല്‍കിയ സര്‍വകലാശാല നടപടി അംഗീകരിക്കാനാകില്ല.

കേരളീയ പൊതുസമൂഹത്തിലേക്ക് സര്‍വകലാശാലയിലൂടെ ആര്‍.എസ്.എസ് അജണ്ട നടപ്പാക്കാനുള്ള നീക്കം അപലപനീയമാണ്. ഇതിന് സംസ്ഥാന സര്‍ക്കാരിന്റെയും സി.പി.എം നേതൃത്വത്തിന്റെയും ഒത്താശയുണ്ടോയെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വ്യക്തമാക്കണം.

നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തുണ്ടായിരുന്ന ബി.ജെ.പി- സി.പി.എം അന്തര്‍ധാരയുടെ ഭാഗമാണോ സിലബസ് പരിഷ്‌ക്കരണമെന്നും സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെയും നവഭാരത ശില്‍പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെയും സിലബസില്‍ നിന്നും പാടെ അവഗണിച്ചാണ് കണ്ണൂര്‍ സര്‍വകലാശാല ആര്‍.എസ്.എസിനോട് കൂറ് പ്രഖ്യാപിക്കുന്നത്. കമ്മ്യൂണിസ്റ്റ് മുഖപടങ്ങള്‍ക്ക് പിന്നില്‍ ആര്‍.എസ്.എസ് ആര്‍ത്തു ചിരിക്കുന്നതിന്റെ തെളിവാണിത്.

ആര്‍.എസ്.എസ് പ്രത്യയശാസ്ത്രം കുട്ടികളെ പഠിപ്പിച്ചുകൊണ്ടാണോ കമ്മ്യൂണിസ്റ്റ് ഭരണകൂടം ബി.ജെ.പിയെ പ്രതിരോധിക്കാനുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നത്? മതാധിപത്യ രാഷ്ട്രം ഉണ്ടാക്കാന്‍ വേണ്ടി ശ്രമിച്ചവരാണ് സവര്‍ക്കറും ഗോള്‍വര്‍ക്കറും. അവരുടെ തത്വസംഹിതകളാണോ, അതോ ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും തത്വസംഹിതകളാണോ നമ്മുടെ കുട്ടികള്‍ പഠിക്കേണ്ടത്? മോദിയോടും അമിത്ഷായോടും ആര്‍ക്കാണ് വിധേയത്വമെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നുണ്ട്. സംഘപരിവാര്‍ തൊപ്പി ചേരുന്നത് സി.പി.എമ്മിനു തന്നെയാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുകയാണ്.

സ്വര്‍ണക്കടത്ത്- കുഴല്‍പ്പണ കേസുകളിലും കേന്ദ്രത്തിലെ ബി.ജെ.പിയുമായി സംസ്ഥാനത്തെ സി.പി.എം നേതൃത്വം ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകളുടെ ഭാഗമായാണോ ആര്‍.എസ്.എസ് പ്രത്യയശാസ്ത്ര പ്രചാരണം കൂടി ഏറ്റെടുത്തിരിക്കുന്ന തെന്ന് സര്‍ക്കാരും സി.പി.എമ്മും വ്യക്തമാക്കണം.

ഇതൊരു തീവ്ര വലതുപക്ഷ നിലപാടാണ്. ബി.ജെ.പിയുടെ തീവ്രവലതുപക്ഷ നിലപാടിനൊപ്പമാണോ കേരളത്തിലെ സര്‍വകലാശാലകളും സി.പി.എമ്മും നില്‍ക്കുന്നതെന്ന് വ്യക്തമാക്കണം. ഈ തീരുമാനം ഒരിക്കലും അംഗീകരിക്കാനാകില്ല. സിലബസ് പിന്‍വലിക്കാന്‍ സര്‍വകലാശാല തയാറാകണം

×