Advertisment

ബിജെപി ദേശീയനേതൃനിരയില്‍ സ്ഥാനമുറപ്പിച്ചു വി മുരളീധരന്‍. അടുത്ത പുനസംഘടനയില്‍ ക്യാബിനറ്റ് പദവിയും ലഭിച്ചേക്കും. ഗാന്ധിജി മുതല്‍ രാജീവ് ഗാന്ധി വരെ ഇരുന്ന ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ അധ്യക്ഷ സ്ഥാനത്തേയ്ക്ക് മുരളീധരനെ പാര്‍ട്ടി നിയോഗിച്ചത് ഭാവി സാധ്യതകള്‍ മുന്നില്‍കണ്ട്

author-image
ജെ സി ജോസഫ്
Updated On
New Update

ഡല്‍ഹി : ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ സർവകലാശാല ചാൻസലറായി നിയമിതനായ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ബിജെപി ദേശീയ നേതൃനിരയിലേയ്ക്ക്. ഇതോടെ മുരളീധരന്‍ അടുത്ത മന്ത്രിസഭാ പുനസംഘടനയില്‍ ക്യാബിനറ്റ് റാങ്കിലേയ്ക്ക് ഉയര്‍ത്തപ്പെടുമെന്നും ഉറപ്പായി.

Advertisment

ദക്ഷിണേന്ത്യയിൽ നിന്നും ബിജെപി ദേശീയ നേതൃനിരയിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ പാര്‍ട്ടിയും ആര്‍ എസ് എസും പ്രധാനമായി കാണുന്ന നേതാക്കളില്‍ ഒരാളാണ് മുരളീധരന്‍. ഭാവിയില്‍ ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേയ്ക്ക് വരെ മുരളീധരന്‍ നിയോഗിക്കപ്പെട്ടേക്കാന്‍ സാധ്യതയുള്ളതായി വിലയിരുത്തുന്നവര്‍ ഏറെയാണ്‌.

publive-image

മഹാത്മ ഗാന്ധിയും ഡോ. രാജേന്ദ്ര പ്രസാദും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഉള്‍പ്പെടെ രാജ്യത്തെ ഏറ്റവും പ്രമുഖ നേതാക്കള്‍ ഇരുന്ന ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ അധ്യക്ഷനായി നിയമിതനായ ആദ്യ മലയാളികൂടിയാണ് വി മുരളീധരൻ. മഹാത്മാഗാന്ധിയാണ് ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ സ്ഥാപകന്‍. ഗാന്ധിജി മുതല്‍ നയിച്ച സഭയുടെ 14-ാമത് അധ്യക്ഷനാണ് മുരളീധരൻ.

ദക്ഷിണേന്ത്യയിൽ ഹിന്ദി പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 1918-ൽ ചെന്നൈ ആസ്ഥാനമായി മഹാത്മാഗാന്ധി ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ സഭ സ്ഥാപിച്ചത്‌. 1948-ൽ മരണംവരെ രാഷ്ട്രപിതാവ്‌ തന്നെ പ്രസിഡന്റായി തുടർന്നു.

മുൻ രാഷ്ട്രപതി ഡോ.രാജേന്ദ്ര പ്രസാദ്, മുൻ പ്രധാനമന്ത്രിമാരായ ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു എന്നിവരായിരുന്നു പിന്‍ഗാമികള്‍. ആ സ്ഥാനത്തേയ്ക്കാണ് ഇപ്പോള്‍ ഒരു മലയാളി നിയോഗിക്കപെടുന്നത്. ഇതിനു വളരെ വലിയ രാഷ്ട്രീയ പ്രാധാന്യമാണ് ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങളില്‍ ഉള്ളത്.

publive-image

കേന്ദ്രമന്ത്രിസഭയില്‍ പുതുമുഖമാണെങ്കിലും ഇതിനോടകം അദ്ദേഹം നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രിയുടെ ഉള്‍പ്പെടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ആര്‍ എസ് എസിന്‍റെയും ഗുഡ് ബുക്കില്‍ പ്രധാനി എന്നതാണ് മുരളീധരന്റെ ഭാവി സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്.

സ്കൂള്‍ തലം മുതല്‍ എ ബി വി പിയില്‍ സജീവമായിരുന്ന മുരളീധരന്‍ 1978 ല്‍ എ ബി വി പി തലശ്ശേരി താലൂക്ക് പ്രസിഡന്‍റ് എന്ന നിലയിലാണ് നേതൃനിരയിലേയ്ക്ക് ഉയരുന്നത്. പിന്നീട് എ ബി വി പിയിലും ആര്‍ എസ് എസിലും സജീവമായ അദ്ദേഹം സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ജോലിപോലും രാജിവയ്ക്കുകയായിരുന്നു.

publive-image

എ ബി വി പി മുതല്‍ അഖിലേന്ത്യാ ഭാരവാഹിത്വങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ലഭിച്ച അവസരങ്ങളാണ് മുരളീധരന് ദേശീയ തലത്തില്‍ സൗഹൃദങ്ങള്‍ നേടിക്കൊടുത്തത്. 1999 ല്‍ വാജ്പേയി സര്‍ക്കാരിന്‍റെ കാലത്ത് നെഹ്‌റു യുവകേന്ദ്രയുടെ ഡയറക്ടര്‍ ജനറലായി ഇദ്ദേഹം നിയമിതനായിരുന്നു.

ബിജെപിയിലെ കേരള നേതാക്കളില്‍ സംഘടനയില്‍ പടിപടിയായി ഉയരങ്ങളിലെത്തിയ ചുരുക്കം നേതാക്കളിലൊരാളാണ് വി മുരളീധരന്‍.

bjp v muraleedharan
Advertisment