ആലപ്പുഴയിലെ ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകം: പിന്നിൽ മതഭീകരവാദികളാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ

ന്യൂസ് ബ്യൂറോ, കോട്ടയം
Thursday, February 25, 2021

കോട്ടയം; ആലപ്പുഴ വയലാറിൽ ആർ. എസ് .എസ് മുഖ്യശിക്ഷക് നന്ദു ആർ കൃഷ്ണയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രം​ഗത്ത്. നന്ദുവിന്റെ കൊലപാതകത്തിന് പിന്നിൽ മതഭീകരവാദികളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സംഭവത്തിൽ മൂന്ന് ആർ.എസ്.എസ് പ്രവർത്തകർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഭീകരവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് – എസ്.ഡി.പി.ഐ പ്രവർത്തകർ ആണ് ആക്രമണം നടത്തിയത്. ദേശ സ്നേഹം വളർത്തുന്ന ആർ.എസി.എസിനെയും ദേശവിരുദ്ധ പ്രവർത്തനം നടത്തുന്ന ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെയും ഒരേ തുലാസിൽ കാണുന്ന കമ്മ്യൂണിസ്റ്റ്, കോൺഗ്രസ്സ് സമീപനമാണ് മത തീവ്രവാദികൾക്ക് വളം വെക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മത ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുകയും വോട്ട് ബാങ്കായി കണക്കാക്കുകയും ചെയ്യുന്ന സമീപനം ഉപേക്ഷിച്ച് അത്തരക്കാർക്ക് എതിരെ കർശന നിലപാട് എടുക്കാൻ ഇനിയെങ്കിലും കമ്മ്യൂണിസ്റ്റ് സർക്കാർ തയ്യാറാകണം. കേരളത്തിൽ വർധിച്ചു വരുന്ന മത ഭീകര വാദ പ്രവർത്തനങ്ങളെ കേന്ദ്ര സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത് . ഇതിനെതിരെ ആവശ്യമായ നടപടികൾ ഉണ്ടാകും .നന്ദുവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. കുടുംബത്തിൻ്റെ ദു:ഖത്തിനൊപ്പം പങ്ക് ചേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ രേഖപ്പെടുത്തി.

×