തിരുവനന്തപുരം: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ശ്രദ്ധേയമായ കുറിപ്പുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. ആയുധങ്ങളെക്കാള്‍ മൂര്‍ച്ചയുള്ളതാണ് ഉപവാസ സമരങ്ങളും നിസ്സഹരണ സമരങ്ങളുമെന്ന് ഭാരതീയരെ പഠിപ്പിച്ച മഹാത്മാവായിരുന്നു ഗാന്ധിജിയെന്ന് അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കി.
വി മുരളിധരന്റെ കുറിപ്പ് ഇങ്ങനെ....
എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം എന്ന് പഠിപ്പിച്ച രാഷ്ട്രപിതാവ് മഹാത്മഗാന്ധിജിയുടെ രക്ത്വ സാക്ഷിത്വ ദിനമാണിന്ന്. സത്യം ,ധർമ്മം ,അഹിംസ എന്നീ മൂല്യങ്ങളിലൂന്നി രാഷ്ട്രത്തെ ബ്രിട്ടീഷ് ആധിപത്യത്തിൽ മോചിപ്പിക്കാൻ നിരന്തര പോരാട്ടം നടത്തിയ സത്യാന്വേഷി.
ആയുധങ്ങളേക്കാൾ മൂർച്ചയുള്ളതാണ് ഉപവാസ സമരങ്ങളും ,നിസ്സഹകരണ സമരങ്ങളുമെന്ന് ഭാരതീയരെ പഠിപ്പിച്ച മഹാത്മാവ്. താൻ വിശ്വസിച്ച തത്വസംഹിതകളെ ജീവിതത്തിൽ പ്രാവർത്തികമാക്കി മഹാത്മാഗാന്ധിജി. സ്വാതന്ത്ര്യ ദാഹികളായിരുന്ന സമൂഹത്തിന്‍ മാർഗ്ഗദീപമായി മഹാത്മജി.
അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ നടന്ന ക്വിറ്റ് ഇന്ത്യാ സമരവും, നിസ്സഹകരണ പ്രസ്ഥാനവും, ഉപ്പുസത്യാഗ്രഹവുമെല്ലാം ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിൽ നിർണായകമായി.
ഭാരതത്തിന്‍റെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണെന്ന് ആഹ്വാനം ചെയ്ത മഹാത്മജി ഗ്രാമങ്ങളെ ഉദ്ധരിക്കാൻ ചെയ്ത പ്രവർത്തനങ്ങൾ പുതിയൊരു ഇന്ത്യയുടെ നിർമ്മാണത്തിന് വഴിയൊരുക്കി.
ആത്മനിർഭർ ഭാരതമുൾപ്പെടെ രാജ്യത്തിന്‍റ പുരോഗതിക്കും വികസനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ ഗാന്ധിജി മുന്നോട്ട് വച്ച സ്വയം പര്യാപ്ത ഭാരതമെന്ന സങ്കൽപ്പം യാഥാർത്ഥ്യമാക്കുന്നു.
ഗാന്ധിയൻ ആശയങ്ങൾ പിൻതുടർന്നവർ അദ്ദേഹം മുന്നോട്ട് വെച്ച ദർശനങ്ങളിൽ നിന്ന് പിന്നോട്ട് പോകുന്ന കാഴ്ചയാണ് ആധുനിക കാലത്ത് കാണുന്നത്.
അദ്ദേഹത്തിന്‍റെ ജീവിതവും ആശയങ്ങളും മുന്നോട്ടുള്ള പ്രയാണത്തിൽ നമ്മുക്ക് ശക്തിപകരും. മഹാത്മാവിന്‍റെ രക്ത്വസാക്ഷിത്വ ദിനത്തിൽ പ്രണാമം അർപ്പിക്കുന്നു.