‘ഗുണ്ടായിസമല്ല എസ്എഫ്ഐയുടെ ആയുധം… കയ്യിലുണ്ടാവേണ്ടത് ആയുധങ്ങളല്ല, ആശയങ്ങളാണ്’…രൂക്ഷ വിമര്‍ശനവുമായി അച്യുതാനന്ദന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, July 15, 2019

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജില്‍ നടന്ന സംഘര്‍ഷ സംഭവങ്ങളില്‍ എസ്എഫ്ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഭരണപരിഷ്‍കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍.

ഗുണ്ടായിസമല്ല എസ്എഫ്ഐയുടെ ആയുധം. കയ്യിലുണ്ടാവേണ്ടത് ആയുധങ്ങളല്ല, ആശയങ്ങളാണ് . എസ്എഫ്ഐക്കാരുടെ കയ്യില്‍ കഠാരയെങ്കില്‍ അടിത്തറയില്‍ പ്രശ്നമുണ്ട്.  തിരിച്ചറിവ് നഷ്ടപ്പെടുന്നത് നേതൃത്വത്തിനാണെങ്കില്‍ തിരുത്താന്‍ വിദ്യാര്‍ത്ഥി സമൂഹം മുന്നോട്ട് വരണമെന്നും അച്യുതാനന്ദന്‍ പറഞ്ഞു.

അതേസമയം യൂണിവേഴ്‍സിറ്റി കോളേജിലെ വധശ്രമക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറുപേരെയും യൂണിവേഴ്സിറ്റി കോളേജ് അനിശ്ചിതകാലത്തേക്ക് സസ്പെന്‍റ് ചെയ്തിരുന്നു. അധ്യാപക കൗൺസിൽ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്.

കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ കൂടി സാന്നിദ്ധ്യത്തിലാണ് യോഗം ചേര്‍ന്നത്. കത്തിക്കുത്ത് നടന്ന് മൂന്ന് ദിവസത്തിന് ശേഷം ഇന്ന് പുലര്‍ച്ചെയാണ് പ്രധാന പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും പൊലീസ് പിടികൂടുന്നത്. പ്രതികൾ കീഴടങ്ങിയേക്കുമെന്ന ശക്തമായ അഭ്യൂഹങ്ങൾക്കിടെയായിരുന്നു പൊലീസ് ഇവരെ കണ്ടെത്തുന്നത്.

×