ഇന്ത്യയിൽ കൂടുതലായി കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം മാരകമെന്നും കൂടുതൽ വ്യാപിക്കുന്നതാണെന്നും ലോകാരോഗ്യ സംഘടന; ഇന്ത്യന്‍ വകഭേദത്തിനെതിരേ വാക്‌സിനുകള്‍ ഫലപ്രദമാണോ എന്നത് അവ്യക്തമെന്നും ഡബ്ല്യുഎച്ച്ഒ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, May 14, 2021

ന്യൂഡൽഹി: ഇന്ത്യയിൽ കൂടുതലായി കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം മാരകമാണെന്നും കൂടുതൽ വ്യാപിക്കുന്നതാണെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). വകഭേദം സംഭവിച്ച വൈറസിനെ ചെറുക്കുന്നതില്‍ വാക്‌സിനുകള്‍ക്കുള്ള ശേഷി സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നതായും സംഘടന പറയുന്നു.

ഒക്ടോബറിൽ ഇന്ത്യയിലാണ് ബി.1.617 വകഭേദം കണ്ടെത്തിയത്. വളരെ പെട്ടന്ന് വ്യാപിക്കുകയും ആന്റിബോഡിയെ നശിപ്പിക്കുകയും ചെയ്യുന്നതാണ് പുതിയ വകഭേദം. 44 രാജ്യങ്ങളിൽ വകഭേദം കണ്ടെത്തിയിട്ടുണ്ട്. യു.കെയിലും ഇന്ത്യയിലും തിരിച്ചറിഞ്ഞ വകഭേദങ്ങളുടെ വ്യാപനം വരും ആഴ്ചകളില്‍ ദുര്‍ബലമാകുമെന്നാണ് കണക്കൂകൂട്ടുന്നതെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.

ഇന്ത്യന്‍ വകഭേദത്തിനെതിരെ വാക്‌സിനുകളും മരുന്നുകളുമെല്ലാം എങ്ങനെ പ്രവര്‍ത്തിക്കും എന്നത് സംബന്ധിച്ചും വീണ്ടും വരാനുള്ള സാധ്യത സംബന്ധിച്ചും അവ്യക്തത നിലനില്‍ക്കുകയാണെന്നും ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ക്ക് ഇന്ത്യന്‍ വകഭേദത്തിനെതിരേ കുറഞ്ഞ പ്രതിരോധശേഷി മാത്രമേ ഉള്ളൂ എന്ന് ചില പഠനങ്ങള്‍ കാണിക്കുന്നതായും സംഘടന പറയുന്നു.

×