ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തില്‍ 'തെര്‍മോടോളറന്റ്' വാക്‌സിനുകള്‍ നിര്‍ണായകമാകും; ഉയര്‍ന്ന താപനിലയുള്ള പ്രദേശങ്ങളില്‍ പോലും സുഗമമായി വാക്‌സിനേഷന്‍ നടത്താമെന്നത് പ്രത്യേകത; വാക്‌സിനേഷന്‍ നിരക്ക് ഉയര്‍ത്തുന്നതിനോടൊപ്പം ആരോഗ്യപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദവും കുറയ്ക്കും; 'മൈന്‍വാക്‌സ്' വാക്‌സിന്റെ പരീക്ഷണങ്ങളിലെ കണ്ടെത്തലുകളും ആശ്വാസം നല്‍കുന്നത്‌

author-image
admin
New Update

publive-image

വാക്‌സിന്‍ ലഭിക്കാനുള്ള വലിയൊരു ജനവിഭാഗം ഇനിയും നമ്മുടെ രാജ്യത്തുണ്ട്. ഈ സാഹചര്യത്തില്‍ 'തെര്‍മോടോളറന്റ്' (Thermotolerant)/ 'വാം' (Warm) വാക്‌സിന് കൊവിഡ് പ്രതിരോധത്തില്‍ വലിയൊരു പങ്ക് വഹിക്കാനാകും. അത്തരമൊരു വാക്‌സിനായുള്ള പരിശ്രമത്തിലാണ് വാക്‌സിന്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ 'മൈന്‍വാക്‌സ്'.

Advertisment

ഇന്ത്യയില്‍ വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിക്കുന്നതിന് മുമ്പ്, കൃത്യമായ താപനിലയില്‍ വാക്‌സിന്‍ സുരക്ഷിതമായി പൊതുജനത്തിന് ലഭ്യമാക്കാന്‍, 'കോള്‍ഡ് ചെയി'നും, സംഭരണ ശേഷിയും ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിരുന്നു.

പ്രധാനമായും എല്ലാ വാക്‌സിനുകളും 2 ഡിഗ്രി സെല്‍ഷ്യസിനും 8 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ എത്തിച്ച് വിതരണം ചെയ്യേണ്ടതുണ്ട്. ഇത്തരത്തിലുള്ള താപനില നിയന്ത്രിത വിതരണ ശൃംഖലയാണ് കോള്‍ഡ് ചെയിന്‍ എന്ന് അറിയപ്പെടുന്നത്.

മിക്ക വാക്‌സിനുകളും പൂജ്യം ഡിഗ്രി സെല്‍ഷ്യസിനു താഴെയുള്ള താപനിലയില്‍ ശീതികരിക്കേണ്ടതുണ്ടെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത് (പൂജ്യം ഡിഗ്രി സെല്‍ഷ്യസാണ് വെള്ളത്തിന്റെ 'ഫ്രീസിങ് പോയിന്റ്').

എന്നാല്‍ കോവിഷീല്‍ഡ്‌, കോവാക്‌സിന്‍ വാക്‌സിനുകള്‍ക്ക് സംഭരണത്തിന് 'സബ്-സീറോ' താപനില ആവശ്യമില്ല. എന്നാല്‍ മൊഡേണ, സ്പുട്‌നിക് വാക്‌സിനുകള്‍ക്ക് ഇത് ആവശ്യമാണ്. ഈ സാഹചര്യത്തില്‍, തെര്‍മോടോളറന്റ് വാക്‌സിന്‍ ഇന്ത്യയ്ക്ക് എങ്ങനെ ഗുണകരമാകുമെന്നത് അറിയാം.

വര്‍ധിച്ച വിതരണം

രാജ്യത്തെ ഉയര്‍ന്ന താപനിലയുള്ള പ്രദേശങ്ങള്‍, വിദൂര പ്രദേശങ്ങള്‍ തുടങ്ങിയവിടങ്ങളില്‍ വാക്‌സിനേഷന്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിന് 'തെര്‍മോടോളറന്റ്' വാക്‌സിനുകള്‍ സഹായകരമാകും.

മൈന്‍വാക്‌സ് വാക്‌സിന്‍ വികസിപ്പിച്ച ഗവേഷകര്‍ പറയുന്നത്, ഇത് 100 ഡിഗ്രി സെല്‍ഷ്യസില്‍ 90 മിനിറ്റ് വരെയും, 70 ഡിഗ്രി സെല്‍ഷ്യസില്‍ 16 മണിക്കൂര്‍ വരെയും, 37 ഡിഗ്രി സെല്‍ഷ്യസില്‍ ഒരു മാസത്തില്‍ കൂടുതലും സൂക്ഷിക്കാമെന്നതാണ്.

ചുരുങ്ങിയ കാലയളവിനുള്ളില്‍ ലക്ഷക്കണക്കിന് വാക്‌സിന്‍ ഡോസുകള്‍ നിരവധി കേന്ദ്രങ്ങളിലേക്ക് എത്തിക്കേണ്ട സാഹചര്യത്തില്‍, വന്‍ തോതില്‍ വാക്‌സിന്‍ നല്‍കുന്നതിന് ഇത്തരത്തിലുള്ള വാക്‌സിന്‍ സഹായകരമാകുമെന്നാണ് മൊഡെസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് ആക്‌സസ് കാമ്പയിനിന്റെ പോളിസി ഉപദേഷ്ടാവായ ജൂലിയന്‍ പോട്ടെറ്റ് ബിബിസിയോട് പറഞ്ഞത്.

ഇന്ത്യയില്‍ വാക്‌സിന്‍ കോള്‍ഡ് സ്‌റ്റോറേജ് സൗകര്യങ്ങളുടെ ഒരു വികസിത ശൃംഖലയുണ്ടെങ്കിലും, സബ് സീറോ സ്‌റ്റോറേജ് മറ്റ് വികസ്വര രാജ്യങ്ങിലേത് പോലെ ഒരു വെല്ലുവിളിയാണ്.

ഇന്ത്യയുടെ കോള്‍ഡ് സ്‌റ്റോറേജ് കപ്പാസിറ്റി ലോകത്തിലെ തന്നെ ഏറ്റവും വലുതാണ് (ഏകദേശം 40 മില്യണ്‍ ടണ്‍). പക്ഷേ, ഇത് പ്രാഥമികമായി ഭക്ഷണം, മെഡിക്കല്‍ പ്രൊഡക്ടുകള്‍, കെമിക്കലുകള്‍ എന്നിവയാണ് സൂക്ഷിക്കുന്നത്.

വാക്‌സിനുകള്‍ സൂക്ഷിക്കാനുള്ള ശേഷിയുടെ ഭൂരിഭാഗവും അന്താരാഷ്ട്ര ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല. ഉയര്‍ന്ന താപനിലയില്‍ വാക്‌സിനുകള്‍ക്ക് അവയുടെ ഫലപ്രാപ്തി പെട്ടെന്ന് നഷ്ടമാകും. അതുകൊണ്ട് തന്നെ അത് കൃത്യമായ താപനിലയില്‍ സൂക്ഷിക്കേണ്ടത് പ്രധാനമാണ്.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കുറഞ്ഞ സമ്മര്‍ദ്ദം

കോള്‍ഡ് ചെയിനും, സംഭരണത്തിനും വ്യക്തമായ നടപടികളോടെ, താപനില പാലിക്കേണ്ടതിന്റെ ആവശ്യകത കുറവുള്ള വാക്‌സിനുകള്‍, വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഭാഗമായിരിക്കുന്ന ദശലക്ഷണക്കണക്കിന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരു അനുഗ്രഹമാകും.

വാക്ക് ഇന്‍ ഫ്രീസറുകള്‍, ഐസ് ലൈന്‍ഡ് റെഫ്രിജറേറ്ററുകള്‍, റഫ്രിജറേറ്റഡ് ട്രക്കുകള്‍, ഡ്രൈ ഐസ് പോലുള്ള കൂളന്റ് പാക്കുകള്‍, കോള്‍ഡ് ബോക്‌സുകള്‍ എന്നിവ വിതരണ സമയം വരെ വാക്‌സിനുകള്‍ തണുപ്പിക്കാനും സൂക്ഷിക്കാനും ഉപയോഗിക്കുന്നു. എന്നാല്‍ ഇത്തരം സംവിധാനങ്ങള്‍ മൈന്‍വാക്‌സ് വാക്‌സിന്‍ പോലുള്ള വാക്‌സിനുകള്‍ക്ക് ആവശ്യമില്ല.

മൈന്‍വാക്‌സ് വാക്‌സിന്‍

ബെംഗളൂരു ആസ്ഥാനമായുള്ള ബയോടെക് കമ്പനിയായ മൈന്‍വാക്‌സ്, 'തെര്‍മോടോളറന്റ്' വാക്‌സിന്റെ ഫോര്‍മുലേഷന്‍ സൃഷ്ടിച്ച് കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

ഇത് എലികളില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. കൂടാതെ, 37 ഡിഗ്രി സെല്‍ഷ്യസില്‍ ഒരു മാസം വരെയും, 100 ഡിഗ്രി സെല്‍ഷ്യസില്‍ 90 മിനിറ്റ് വരെയും സൂക്ഷിക്കാനായതായി എസിഎസ് ഡിസീസസ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡെല്‍റ്റ വേരിയന്റ് ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട കൊറോണ വകഭേദങ്ങള്‍ക്കെതിരെ വാക്‌സിന്‍ കുത്തിവച്ച എലികളുടെ സെറ (രക്ത സാമ്പിളുകള്‍) യുടെ കാര്യക്ഷമത പരിശോധിച്ചുകൊണ്ട്, ഗീലോങ്ങിലെ ഓസ്‌ട്രേലിയന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിപയര്‍ഡ്‌നെസിലെ ഗവേഷകരും പരീക്ഷണത്തില്‍ പങ്കെടുത്തു.

വൈറസിന്റെ എല്ലാ വകഭേദങ്ങള്‍ക്കെതിരെയും ശക്തമായ പ്രതികരണമാണ് മൈന്‍വാക്‌സ് കുത്തിവച്ച എലികള്‍ കാണിക്കുന്നതെന്ന് പ്രോജക്ട് ലീഡറായ ഡോ. എസ്.എസ്. വാസന്‍ പറയുന്നു.

'തെര്‍മോടോളറന്റ്' കൊവിഡ് വാക്‌സിന്‍ വിപണിയിലെത്തിക്കുന്നതിനായി ആക്‌സലിന്റെ നേതൃത്വത്തിലുള്ള 'സീരിസ് എ' റൗണ്ട് ഫണ്ടിംഗില്‍ 4.2 മില്യണ്‍ ഡോളര്‍ (31 കോടി) സമാഹരിക്കുന്നതിനുള്ള കരാറിലും കമ്പനി ഒപ്പുവച്ചിട്ടുണ്ട്.

Advertisment