കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും വെവ്വേറെ വിലയ്ക്കു വാക്സിന്‍ നല്‍കുന്നതിന്‍റെ അര്‍ഥമെന്താണെന്ന സുപ്രീം കോടതിയുടെ ചോദ്യം അര്‍ഥവത്തായതുതന്നെയാണ്; കേന്ദ്രം കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന വാക്സിന്‍ 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കു സൗജന്യമായി കൊടുക്കാനുള്ളതാണ്; സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ വിലയ്ക്കു നല്‍കുന്ന വാക്സിനാകട്ടെ, 18 മുതല്‍ 45 വരെ വയസ് പ്രായമുള്ളവര്‍ക്കു നല്‍കാനും; അതു ശരിയായ കാര്യമല്ലെന്നാണ് സുപ്രീം കോടതി പറഞ്ഞുവയ്ക്കുന്നത്; വാക്സിനേഷന്‍ സാര്‍വത്രികമായിരിക്കണമെന്ന് സുപ്രീം കോടതി ഓര്‍മ്മിപ്പിക്കുന്നു; എല്ലാ പൗരന്‍റെയും അവകാശമാണ് വാക്സിന്‍-ജേക്കബ് ജോര്‍ജിന്റെ എഡിറ്റോറിയല്‍

ജേക്കബ് ജോര്‍ജ് - ചീഫ് എഡിറ്റര്‍
Saturday, May 1, 2021

കേന്ദ്ര സര്‍ക്കാരിന്‍റെ വാക്സിന്‍ നയത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. വാക്സിന്‍റെ വില നിര്‍ണയിക്കാനുള്ള അവകാശം നിര്‍മ്മാതാക്കളായ കമ്പനിയ്ക്കു വിട്ടുകൊടുക്കരുതെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിനു കുറഞ്ഞ വിലയ്ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കു കൂടിയ വിലയ്ക്കും വാക്സിന്‍ വിതരണം ചെയ്യുന്നത് ന്യായമല്ലെന്നും സുപ്രീം കോടതി ഓര്‍മ്മിപ്പിക്കുന്നു. വാക്സിന്‍ പൊതുമുതലാണ്, അതുകൊണ്ട് അതിന്‍റെ വിതരണത്തില്‍ തുല്യത ഉറപ്പാക്കണം – കോടതിയുടെ വ്യക്തമായ മുന്നറിയിപ്പ്.

കോവിഡ് മഹാമാരി തീര്‍ച്ചയായും ഒരു ദേശീയ ദുരന്തമാണ്. ഇന്ത്യാ മഹാരാജ്യത്തെ ഒട്ടാകെ ബാധിച്ചിരിക്കുന്ന ഒരു ഭീകര ദുരന്തം. ഒരു വര്‍ഷത്തിലേറെക്കാലം മുമ്പ് ചൈനയിലെ ഹുവാനില്‍ തുടങ്ങി ലോകമെങ്ങും പടര്‍ന്നുപിടിച്ച ഈ മഹാമാരിയുടെ മുമ്പില്‍ ലോകജനത പകച്ചുനില്‍ക്കുകയായിരുന്നു ആദ്യം.

അജ്ഞാത വൈറസ് പടര്‍ത്തുന്ന ഈ രോഗത്തിന് വാക്സിന്‍ മാത്രമായിരുന്നു പ്രതിവിധി. മനുഷ്യവര്‍ഗം ചരിത്രത്തില്‍ പലതരം വാക്സിന്‍ ഉണ്ടാക്കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ വേണ്ടിവരും ഒരു വാക്സിന്‍ വികസിപ്പിക്കാന്‍. നിരവധി പരീക്ഷണ നിരീക്ഷണങ്ങളിലൂടെയാണ് ഇതു നിര്‍മ്മിക്കുക.

വളരെയേറെ ശാസ്ത്രജ്ഞന്മാര്‍ ഏറെ അധ്വാനിച്ചുതന്നെയാണ് വാക്സിനുണ്ടാക്കുന്നത്. വലിയ പണച്ചെലവുമുണ്ട് ഇതിനു പിന്നില്‍. അതുകൊണ്ടുതന്നെ ചുരുക്കം ചില സ്ഥാപനങ്ങള്‍ മാത്രമേ വാക്സിന്‍ ഉല്‍പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളു. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവയാണത്. ഭാരത് ബയോടെക് ഉല്‍പാദിപ്പിക്കുന്ന കൊവാക്സിന്‍ ഇന്ത്യയിലെ പൊതു ഗവേഷണത്തിന്‍റെ ഫലമാണ്. അതിന്‍റെ അടിസ്ഥാന ഗവേഷണം പൂര്‍ത്തിയാക്കിയത് പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലത്രെ.

ഇന്ത്യയില്‍ ആരോഗ്യരംഗത്തെ പ്രമുഖ ഗവേഷണ കേന്ദ്രമായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്  മെഡിക്കല്‍ റിസര്‍ച്ചിനു (കെസിഎംആര്‍) കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഗവേഷണ സ്ഥാപനമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി. പൂര്‍ണമായും ഒരു ദേശീയ സ്ഥാപനം. 1949 -ല്‍ സ്ഥാപിച്ചത്. ഈയിടെ ഈ രണ്ടു സ്ഥാപനങ്ങള്‍ക്കും വാക്സിന്‍ നിര്‍മ്മാണത്തിനു പിന്തുണയായി കേന്ദ്ര സര്‍ക്കാര്‍ വന്‍ തുക നല്‍കിയിരുന്നു.

ഭാരത് ബയോടെകിന് 1500 കോടി രൂപയും സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് 3000 കോടി രൂപയും കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായം ഏറ്റുവാങ്ങുന്ന ഈ സ്ഥാപനങ്ങള്‍ക്ക് എങ്ങനെ കോവി‍ഡ് വാക്സിന്‍ തോന്നിയ വിലയ്ക്കു വില്‍ക്കാനാകുമെന്നാണ് സുപ്രീം കോടതി ചോദിക്കുന്നത്. മുമ്പ് മറ്റെന്തെങ്കിലും സഹായം നല്‍കിയിട്ടുണ്ടോ എന്നും കോടതി ചോദിക്കുന്നു.

കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും വെവ്വേറെ വിലയ്ക്കു വാക്സിന്‍ നല്‍കുന്നതിന്‍റെ അര്‍ഥമെന്താണെന്ന കോടതിയുടെ ചോദ്യം അര്‍ഥവത്തായതുതന്നെയാണ്. കേന്ദ്രം കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന വാക്സിന്‍ 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കു സൗജന്യമായി കൊടുക്കാനുള്ളതാണ്. സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ വിലയ്ക്കു നല്‍കുന്ന വാക്സിനാകട്ടെ, 18 മുതല്‍ 45 വരെ വയസ് പ്രായമുള്ളവര്‍ക്കു നല്‍കാനും.

അതു ശരിയായ കാര്യമല്ലെന്നാണ് സുപ്രീം കോടതി പറഞ്ഞുവയ്ക്കുന്നത്. വാക്സിനേഷന്‍ സാര്‍വത്രികമായിരിക്കണമെന്ന് സുപ്രീം കോടതി ഓര്‍മ്മിപ്പിക്കുന്നു. അതു തികച്ചും സൗജന്യമായിരിക്കണം. എല്ലാ പൗരന്‍റെയും അവകാശമാണ് വാക്സിന്‍.

×