റിയാദ് : കോവിഡ് വാക്സിനേഷന്‍ നല്‍കുന്നതിനായി സൗദിയിലെ കൂടുതല്‍ പ്രവിശ്യയിലേക്ക് സെന്റെറുകള്‍ തുറക്കുന്നു അൽഹസയിലും തായിഫിലും ഹായിലിലും കോവിഡ് വാക്‌സിനേഷൻ സെന്ററുകൾ പ്രവർത്തനം തുടങ്ങി. നാഷണൽ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റിയൂട്ട് ആസ്ഥാനത്താണ് അൽഹസയിൽ വാക്‌സിൻ സെന്റർ തുറന്നിരിക്കുന്നത്. തായിഫിൽ തായിഫ് യൂനിവേഴ്‌സിറ്റിയിലെ സ്‌പോർട്‌സ് ഹാൾ കെട്ടിടത്തിലും ഹായിലിൽ വിമൻസ് കോളേജ് കോംപ്ലക്‌സിലെ കോൺഫറൻസ് സെന്ററിലുമാണ് വാക്‌സിൻ സെന്ററുകൾ സജ്ജീകരിച്ചിരിക്കുന്നത്.
/sathyam/media/post_attachments/dCNvsf2eOA6NrvSgV4kI.jpg)
അൽഹസ വാക്‌സിൻ സെന്ററിൽ പ്രതിരോധ കുത്തിവെപ്പിന് 96 മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. അൽഹസയിൽ അടുത്തയാഴ്ചയോടെ മൂന്നു വാക്‌സിൻ സെന്ററുകൾ കൂടി തുറക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കിവരികയാണ്. ഹുഫൂഫ് കിംഗ് ഫൈസൽ ജനറൽ ആശുപത്രി, മുബാറസ് പ്രിൻസ് സൗദ് ബിൻ ജലവി ആശുപത്രി, അൽഉംറാനിലെ അൽഉംറാൻ ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് അടുത്തയാഴ്ച വാക്‌സിൻ സെന്ററുകൾ തുറക്കുക.
ഇതോടെ അൽഹസയിലെ നാലു വാക്‌സിൻ സെന്ററുകളിലും കൂടി പ്രതിരോധ കുത്തിവെപ്പിന് 200 മുറികളുണ്ടാകും. ദിവസേന പതിനായിരത്തിലേറെ പേർക്ക് വാക്‌സിൻ വിതരണത്തിന് ഈ സെന്ററുകൾക്ക് ശേഷിയുണ്ടാകുമെന്ന് അൽഹസ ഹെൽത്ത് ക്ലസ്റ്റർ അറിയിച്ചു. വാക്‌സിൻ സെന്ററുകൾ ഇന്നലെ പ്രവർത്തനം ആരംഭിച്ചു.
അസീർ ഗവർണർ തുർക്കി ബിൻ ത്വലാൽ രാജകുമാരൻ ഇന്നലെ വാക്‌സിൻ സ്വീകരിച്ചു. അബഹ വാക്‌സിൻ സെന്ററിലെത്തിയാണ് ഗവർണർ വാക്‌സിൻ സ്വീകരിച്ചത്. അബഹയിൽ അസീർ സെൻട്രൽ ആശുപത്രിക്കു പിൻവശത്താണ് വാക്‌സിൻ സെന്റർ പ്രവർത്തിക്കുന്നത്. ദിവസേന 1,600 പേരെ സ്വീകരിക്കാൻ സെന്ററിന് ശേഷിയുണ്ട്.
ജിസാൻ ഗവർണർ മുഹമ്മദ് ബിൻ നാസിർ രാജകുമാരൻ ജിസാൻ വാക്‌സിൻ സെന്റർ ഉദ്ഘാടനം ചെയ്തു. പ്രവിശ്യയിൽ പ്രതിരോധ കുത്തിവെപ്പ് കാമ്പയിന് തുടക്കം കുറിച്ചതായി അറിയിച്ച് ഗവർണർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. ജിസാൻ ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് രാജകുമാരനും ഇന്നലെ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു.
മദീനയിൽ ഇന്നലെ രണ്ടാമത് വാക്‌സിൻ സെന്റർ തുറന്നു. അൽദുഅയ്ഥ ഹെൽത്ത് സെന്ററിലാണ് പുതിയ വാക്‌സിൻ സെന്റർ തുറന്നത്.