വാക്‌സിന്‍ സെന്റര്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. എല്ലാവരും 'സിഹതീ' ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണം: സൗദി ആരോഗ്യമന്ത്രാലയം.

author-image
admin
New Update

റിയാദ് :  കൊറോണ വാക്സിന്‍ അപര്യാപ്തത കുറവ് മൂലം സൗദിയില്‍ കുറച്ചുദിവസം നിര്‍ത്തിവെച്ചിരുന്ന വാക്സിന്‍ കുത്തിവെപ്പ് പുനരാരംഭിച്ചു,  കൊറോണ വാക്‌സിന്‍ ലഭിക്കാന്‍ എല്ലാവരും 'സിഹതീ' ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം  ആവശ്യപ്പെട്ടു.  പനി,  ശ്വാസതടസ്സം,  നെഞ്ചുവേദന, ചുമ, തൊണ്ടവേദന, അതിസാരം, രുചിയും വാസനയും നഷ്ടപ്പെടല്‍ പോലെ കൊറോണ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്ന വര്‍ 'തതമന്‍' ക്ലിനിക്കുകളുടെ സേവനം പ്രയോജനപ്പെടുത്തണം. മുന്‍കൂട്ടി ബുക്ക് ചെയ്യാതെ 'തതമന്‍' ക്ലിനിക്കുകള്‍ സന്ദര്‍ശിക്കാവുന്നതാണ്.

Advertisment

publive-image
വിവിധ പ്രവിശ്യകളിലെ ചില ഹെല്‍ത്ത് സെന്ററുകളിലും ആശുപത്രികളിലും 'തതമന്‍' ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 'തതമന്‍' ക്ലിനിക്കുകളില്‍ ചിലത് ആഴ്ചയില്‍ ഏഴു ദിവസവും ഇരുപത്തിനാലു മണിക്കൂറും മറ്റു ചിലത് 16 മണിക്കൂറും പ്രവര്‍ത്തിക്കുന്നതായും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

വാക്‌സിന്‍ ഡോസുകളുടെ പുതിയ ശേഖരം എത്തിയതോടെ റിയാദിലെ വാക്‌സിന്‍ സെന്റര്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. രണ്ടാമത് ഡോസിനുള്ള അപ്പോയിന്റ്‌മെന്റ് നിശ്ചയിച്ച നിരവധി പേര്‍ ഇന്നലെ റിയാദ് വാക്‌സിന്‍ സെന്ററിലെത്തി വാക്‌സിന്‍ സ്വീകരിച്ചു. വാക്‌സിന്‍ വിതരണത്തിന് അമേരിക്കന്‍ കമ്പനി കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് റിയാദ് വാക്‌സിന്‍ സെന്റര്‍ ദിവസങ്ങളായി പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള  കോവിഷീല്‍ഡ് അടക്കം മൂന്ന് കമ്പനികളുടെ വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു.

രാജ്യത്തെ മുഴുവന്‍ ആളുകളും വാക്സിന്‍ സ്വീകരിക്കാന്‍ രജിസ്ട്രേഷന്‍ ചെയ്യണമെന്ന് ആരോഗ്യ മന്ത്രി ഡോ: തൗഫീഖ്‌ അല്‍ റബീഅ ആവശ്യപ്പെട്ടു. ഇതിനായി 'സ്വിഹതി' ആപ്ലിക്കേ ഷനാണ് ഉപയോഗിക്കേണ്ടത്. രാജ്യത്ത് വീണ്ടും വാക്സിന്‍ കാര്‍ഗോ എത്തിയതായും മന്ത്രി വ്യക്തമാക്കി. ഏകദേശം 25 ദിവസത്തെ ഇടവേളക്ക് ശേഷമാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം പുനഃരാരംഭിച്ചത്. രജിസ്റ്റര്‍ ചെയ്തവരില്‍ രണ്ടാം ഘട്ട ഡോസ് വിതരണമാണ് പുനഃരാരംഭിച്ചത്

കൊറോണബാധ സംശയിച്ച് ഇരുപത്തിനാലു മണിക്കൂറിനിടെ 49,060 പേര്‍ക്ക് പി.സി.ആര്‍ പരിശോധനകള്‍ നടത്തി. ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് 314 പേര്‍ക്കു കൂടി കൊറോണബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതെ സമയം തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണത്തില്‍ ചെറിയ വര്‍ദ്ധനവ് ഇന്നും രേഖപെടുത്തി 472 പേരാണ് ഗുരുതരാവസ്ഥയില്‍ ഉള്ളത്. കഴിഞ്ഞ ഒരാഴച്ചയായി തുടര്‍ച്ചയായ നേരിയ വര്‍ദ്ധനയാണ് രേഖപെടുത്തുന്നത്.

Advertisment