Advertisment

നല്ല എക്‌സ്പീരിയന്‍സുണ്ട്, നന്നായി ഓടിച്ചോളാം എന്ന് ഡ്രൈവര്‍ പറഞ്ഞു. മരണപ്പെട്ടത് അഞ്ച് വിദ്യാര്‍ത്ഥികളടക്കം ഒമ്പത് പേര്‍, 40 പേര്‍ക്ക് പരിക്ക്; കേരളമുണര്‍ന്നത് വടക്കാഞ്ചേരിയിലെ ബസ്സപകട വാര്‍ത്ത കേട്ട്‌

New Update

publive-image

Advertisment

വടക്കഞ്ചേരിയില്‍ സ്‌കൂള്‍ വിനോദയാത്രാ സംഘത്തിന്റെ ബസ് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിനു പിന്നിലിടിച്ച് അപകടം. സംഭവത്തില്‍ 9 പേര്‍ മരിച്ചു. 40 പേര്‍ക്കു പരുക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍നിന്ന് ഊട്ടിയിലേക്ക് 42 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിലിടിച്ചു ചതുപ്പിലേക്കു മറിയുകയായിരുന്നു. കൊട്ടാരക്കര – കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസിലേക്കാണ് ടൂറിസ്റ്റ് ബസ്സില്‍ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്.

മരിച്ചവരില്‍ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളും, 3 പേര്‍ കെഎസ്ആര്‍ടിസി യാത്രക്കാരും, ഒരാള്‍ അധ്യാപകനുമാണ്. എല്‍ന ജോസ് ക്രിസ്‌വിന്റ്, ദിവ്യ രാജേഷ് , അഞ്ജന അജിത്, ഇമ്മാനുവല്‍, എന്നിവരാണ് മരിച്ച വിദ്യാര്‍ത്ഥികള്‍. ദീപു, അനൂപ്, രോഹിത എന്നിവരാണ് കെഎസ്ആര്‍ടിസിയിലെ യാത്രക്കാര്‍, വിഷ്ണു ആണ് മരിച്ച അധ്യാപകന്‍.

ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പുറപ്പെട്ട സമയം തുടങ്ങി ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍. എണ്‍പത് കിലോമീറ്ററിലധികം വേഗതയിലാണ് ബസ് ഓടിയിരുന്നത്. വേഗക്കൂടുതലല്ലേ എന്ന് ചോദിച്ചപ്പോള്‍ പരിചയസമ്പനനായ ഡ്രൈവറായതിനാല്‍ സാരമില്ലെന്നായിരുന്നു മറുപടിയെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

പാലക്കാട് വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്രതികരണവുമായി രക്ഷിതാവ്. ബസ് വേളാങ്കണ്ണി ട്രിപ്പ് കഴിഞ്ഞാണ് എത്തിയതെന്നും അപ്പോള്‍ തന്നെ അമിത വേഗതയുണ്ടായിരുന്നെന്നും ക്ഷീണിതനായിരുന്നെന്നും അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

‘6.30 ആയപ്പോഴാണ് ബസ് പുറപ്പെട്ടത്. ആ സമയത്ത് ഞാന്‍ ബസിനകത്ത് കയറി നോക്കിയിരുന്നു. വേളാങ്കണ്ണി ട്രിപ്പ് കഴിഞ്ഞെത്തിയതായിരുന്നു ടൂറിസ്‌ററ് ബസ്. ഡ്രൈവര്‍ നല്ലവണ്ണം വിയര്‍ത്ത് കുളിച്ച്, ക്ഷീണിച്ച അവസ്ഥയിലായിരുന്നു. ശ്രദ്ധിച്ച് ഓടിക്കണമെന്ന് പറഞ്ഞപ്പോള്‍, നല്ല എക്‌സ്പീരിയന്‍സുണ്ട്, നന്നായി ഓടിച്ചോളാം എന്നാണ് അയാള്‍ പറഞ്ഞത്. കാസറ്റ് ഇടാന്‍ കുട്ടികള്‍ ചെന്നപ്പോഴും നല്ല സ്പീഡായിരുന്നെന്നാണ് അറിഞ്ഞത്. കുട്ടികളും പറഞ്ഞിരുന്നു, ചേട്ടാ നല്ല സ്പീഡാണ്. പതുക്കെ പോയാല്‍ മതിയെന്ന്’. രക്ഷിതാവ് പറഞ്ഞു.

Advertisment