ഇടുക്കി : വാഗമണിൽ സിപിഐ പ്രാദേശിക നേതാവിന്റെ സ്വകാര്യ റിസോർട്ടിൽ നടന്ന നിശാ പാർട്ടിയിൽ നിന്ന് എൽ എസ് ഡി അടക്കമുള്ള ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. ജില്ലാ നാർക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തിൽ നിശാ പാർട്ടിയിൽ പങ്കെടുത്ത അറുപതോളം പേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. എസ്പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ആളെക്കൂട്ടിയത് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരാണിവര്‍. ഇവിടെ നേരത്തെയും നിശാപാര്‍ട്ടികള്‍ നടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഏലപ്പാറ മുൻ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന സി പി ഐ നേതാവ് ഷാജി കുറ്റിക്കാടിന്റെ ഉടമസ്ഥതയിലുള്ള വാഗമൺ വട്ടപ്പത്താലിലെ ക്ലിഫ്-ഇന് റിസോർട്ടിൽ ആയിരുന്നു ജില്ലാ നാർക്കോട്ടിക് സെല്ലിന്റെ റെയ്ഡ്.
ഇന്നലെ വൈകുന്നേരം തുടങ്ങിയ പാർട്ടിയെ കുറിച്ച് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇരുപത്തിയഞ്ചോളം സ്ത്രീകൾ ഉൾപ്പടെ അറുപത്തോളം പേർ ഉൾപ്പെട്ട സംഘമാണ് നിശാ പാർട്ടിയിൽ പങ്കെടുത്തത്. എൽ എസ് ഡി സ്റ്റാമ്പ്, ഹെറോയിൽ, ഗം, കഞ്ചാവ് തുടങ്ങിയവ റിസോർട്ടിൽ നിന്ന് പിടിച്ചെടുത്തു.
ഇവരെ ചോദ്യം ചെയ്തു വരുകയാണെന്നും തുടർനടപടികൾ ഇന്ന് പൂർത്തീകരിക്കുമെന്നും പൊലീസ് പറഞ്ഞു. ഇവരിൽ ലഹരി മരുന്ന് എത്തിച്ചവരും സംഘാടകരും ഉൾപ്പടെ 15പേർക്കെതിരെയാകും നിയമ നടപടി എന്നും പൊലീസ് വ്യക്തമാക്കി.