കൊച്ചി: കളമശ്ശേരി മുട്ടാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വൈഗയുടെ ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം തയ്യാറായി. വൈഗയുടെ ശരീരത്തിൽ നിന്ന് ആൽക്കഹോളിന്റെ അംശം കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതോടെ മദ്യം നൽകി വൈഗയെ ബോധരഹിതയാക്കി പുഴയിൽ തള്ളിയിട്ടതാണോയെന്ന സംശയം ഉയർന്നിട്ടുണ്ട്. കാക്കനാട് കെമിക്കൽ ലബോറട്ടറി അധികൃതർ റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി.
/sathyam/media/post_attachments/VuLMfS5JHJvBmZRkqpd2.jpg)
അതേസമയം, വൈഗയുടെ പിതാവ് സനു മോഹനായി കർണാടകയിൽ വ്യാപക പരിശോധന തുടരുകയാണ്. കൊല്ലൂർ മൂകാംബികയും മംഗളൂരുവും കേന്ദ്രീകരിച്ചാണ് കേരള പോലീസ് സംഘം തിരച്ചിൽ ഊർജിതമാക്കിയിരിക്കുന്നത്. സനു മോഹൻ ആറ് ദിവസം തങ്ങിയ മൂകാംബികയിലെ ഹോട്ടലിനുള്ളിലെ കൂടുതൽ ദൃശ്യങ്ങളും പുറത്തുവന്നു.
ഹോട്ടലിൽ നൽകിയ തിരിച്ചറിയൽ രേഖയുടെ പകർപ്പിൽ നിന്നാണ് ഇയാളെ ജീവനക്കാർ തിരിച്ചറിഞ്ഞത്. സനു മോഹന്റെ ആധാർ കാർഡാണ് തിരിച്ചറിയൽ രേഖയായി നൽകിയത്. ഹോട്ടലിലെ ബില്ലടക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് സനു മോഹൻ കടന്നുകളഞ്ഞതെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ 8.45 ഓടെയാണ് സനു മോഹൻ ഹോട്ടലിൽ നിന്ന് കടന്നുകളഞ്ഞത്. ഹോട്ടലിൽ ഉണ്ടായിരുന്ന രണ്ട് ദിവസവും സനു മോഹൻ മാസ്‌ക് ധരിച്ചിരുന്നു. പേരും വിലാസവും കണ്ട് സംശയം തോന്നിയ ഹോട്ടൽ മാനേജ്മെന്റ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഏപ്രിൽ 10 മുതൽ 16-ാം തീയതി രാവിലെ 8.45 വരെ സനുമോഹൻ ലോഡ്ജിൽ താമസിച്ചിരുന്നതായാണ് ജീവനക്കാർ നൽകുന്ന വിവരം. മാന്യമായാണ് പെരുമാറിയത്. അതിനാൽ അസ്വാഭാവികതയൊന്നും തോന്നിയില്ല. മുറിയുടെ വാടക അവസാനം ഒറ്റത്തവണയായി കാർഡ് പെയ്‌മെന്റിലൂടെ നൽകാമെന്ന് പറഞ്ഞു. ജീവനക്കാർ ഇത് വിശ്വസിക്കുകയും ചെയ്തു. താമസിച്ച ആറ് ദിവസവും ഇയാൾ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നതായും ജീവനക്കാർ പറഞ്ഞു.