എംപിമാരുടെ കര്‍ശന ഇടപെടല്‍ ഫലം കണ്ടു. പിടിവാശി ഉപേക്ഷിച്ച് കാസര്‍കോട് സ്വദേശി ഗര്‍ഭിണിക്കും ഭര്‍ത്താവിനും യാത്രാനുമതി നല്‍കി കുവൈറ്റിലെ ഇന്ത്യന്‍ എംബസി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, May 29, 2020

കുവൈറ്റ് കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ പകപോക്കല്‍ മൂലം വന്ദേഭാരത് മിഷനില്‍ നാട്ടിലേക്ക് പോകാന്‍ കഴിയാതിരുന്ന ഗര്‍ഭിണിയും ഭര്‍ത്താവും ഇന്ന് നാട്ടിലേയ്ക്ക് തിരിക്കുന്നു. ഇന്നത്തെ വിമാനത്തില്‍ ഇവര്‍ നാട്ടിലേയ്ക്ക് പുറപ്പെടുകയാണ് . ഇവരുടെ യാത്രയ്ക്കുവേണ്ട സഹായങ്ങള്‍ ചെയ്ത നസീര്‍ പാലക്കാടിനൊപ്പം എയര്‍പോര്‍ട്ടിലെത്തിയ ഇവര്‍ക്കു ടിക്കറ്റും ബോര്‍ഡിംഗ് പാസും നല്‍കി.

വന്ദേഭാരത് മിഷന്‍റെ തുടക്കം മുതലുള്ള വിമാനങ്ങള്‍ക്കായി ശ്രമം നടത്തുകയും നാല് തവണ യാത്രക്കൊരുങ്ങി എയര്‍പോര്‍ട്ടിലെത്തുകയും ചെയ്ത ഇവര്‍ക്ക് എംബസിയിലെ മലയാളി ഉദ്യോഗസ്ഥന്‍റെ  ഇടപെടലില്‍ യാത്ര മുടുങ്ങുകയായിരുന്നു. ആദ്യത്തെ വിമാനത്തില്‍ യാത്ര ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ ഇവരെ മാറ്റി നിര്‍ത്തി മുന്‍ഗണനാ ക്രമം മറികടന്നു മറ്റു ചിലരെ കയറ്റി വിട്ടത് ചോദ്യം ചെയ്തതായിരുന്നു ഇവര്‍ക്കുണ്ടായ ‘അയോഗ്യത’ .

സത്യം ഓണ്‍ലൈന്‍ ഉള്‍പ്പെടെ എംബസിയുടെ കള്ളത്തരം പൊളിച്ചടുക്കി ഇക്കാര്യം വാര്‍ത്തയാക്കിയപ്പോള്‍ എംപിമാരായ രമ്യാ ഹരിദാസ്, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ ഇവരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടു എംബസിക്ക് കത്ത് നല്‍കുകയും വിട്ടുവീഴ്ചയില്ലാത്ത കര്‍ശന നിലപാട് സ്വീകരിക്കുകയുമായിരുന്നു.

നാട്ടിലും ഈ വിഷയം വിവാദമാകുകയും എംപിമാരും  ഷാഫി പറമ്പില്‍ ഉള്‍പ്പെടെ നിരവധി എംഎല്‍എമാരും വിദേശകാര്യ മന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തു. ഇതോടെയാണ് ഈ ദമ്പതികള്‍ക്ക് ഉടന്‍ യാത്രാസൌകര്യം ഒരുക്കണമെന്നു വിദേശകാര്യ മന്ത്രാലയം കുവൈറ്റ്‌ എംബസിക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. ഇതോടെയാണ് പിടിവാശി ഉപേക്ഷിച്ചു കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുല്ലക്കും ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യ ആത്തിക്കക്കും എംബസി യാത്രാ സൗകര്യം ഒരുക്കിയത്.

തൊട്ടടുത്ത വിമാനത്തില്‍ ഇവരെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടായിരുന്നു  ഇന്ത്യന്‍ അംബാസിഡര്‍ ജീവ സാഗറിന്  രമ്യാ ഹരിദാസ് എംപി കത്തയച്ചത്. രമ്യയും ഉണ്ണിത്താനും കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായും ബന്ധപ്പെട്ടു.

നോര്‍ക്കയും കുവൈറ്റിലെ ലോകകേരള സഭാംഗങ്ങളും പ്രവാസി ക്ഷേമനിധി ബോര്‍ഡംഗങ്ങളും സാമൂഹ്യപ്രവര്‍ത്തകരും മുഖ്യധാരസംഘടനാ നേതാക്കളും നിരവധി ഉണ്ടായിട്ടും അവരാരും ഈ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായിരുന്നില്ല. ഇതില്‍ പ്രവാസികള്‍ക്ക് പ്രതിഷേധവുമുണ്ട്.

 

 

×