സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലെ ഡിലീറ്റഡ് സീന്‍ പുറത്ത്. കല്യാണിയും ശോഭനയുമുള്ള ഒന്നിച്ചുള്ള രസകരമായ രംഗമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
ഫൈനല്‍ കട്ടിനു തൊട്ടു മുമ്പ് ഞങ്ങള്‍ക്ക് ഈ രംഗം നീക്കം ചെയ്യേണ്ടിവന്നു. ശോഭനയുടെയും സുരേഷ് ഗോപിയുടെയും കഥാപാത്രങ്ങള്‍ ആദ്യമായി പരിചയപ്പെട്ടതിന് ശേഷം വരുന്ന രംഗമാണിത്. സിജു വില്‍സനുമായുള്ള കല്യാണിയുടെ 'അറേഞ്ച് ഡേറ്റ്' കൂടിക്കാഴ്ച്ച ഈ രംഗത്തിനു ശേഷമാണ്.' വിഡിയോ പങ്കുവച്ച് സംവിധായകന്‍ അനൂപ് സത്യന്‍ കുറിച്ചു.
സുരേഷ് ഗോപിയും ശോഭനയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നുവെന്ന പ്രത്യേകതയോടെയാണ് ചിത്രം പുറത്തിറങ്ങിയത്. ഇരുവരുടെയും കോമ്പോയ്ക്കൊപ്പം ദുല്‍ഖര്‍- കല്യാണി താരജോഡികളെയും ആരാധകര്‍ സ്വീകരിച്ചു കഴിഞ്ഞു. ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്.
അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭവും ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രവുമാണിത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം. മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി, സന്ദീപ് രാജ്, വഫാ ഖദീജ, എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.