ആര്‍ക്കിടെക്ടായി ഔദ്യോഗിക ജീവിതം ആരംഭിച്ചു; പിന്നീട് ഈ മേഖല വിട്ട് ക്രിക്കറ്റിലേക്ക്; ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെ ദേശീയ ടീമിലേക്കും; ഇടയ്ക്ക് തമിഴ് സിനിമയിലും അഭിനയിച്ച് വരുണ്‍ ചക്രവര്‍ത്തി

സ്പോര്‍ട്സ് ഡസ്ക്
Wednesday, October 28, 2020

ചെന്നൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കാഴ്ചവച്ച മികച്ച പ്രകടനാണ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടിക്കൊടുത്തത്.

പിന്നീട് താരത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ സജീവമായി. ആര്‍ക്കിടെക്ടായിരുന്ന വരുണ്‍ ആ മേഖല ഉപേക്ഷിച്ചാണ് ക്രിക്കറ്റിലേക്കെത്തുന്നത്. സാമ്പത്തികമായി മെച്ചമുണ്ടാകാത്തതാണ് വരുണിനെ ആര്‍ക്കിടെക്ചര്‍ മേഖല ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചത്.

2018ലെ ഐപിഎൽ താരലേലത്തിൽ കിങ്സ് ഇലവൻ പഞ്ചാബ് ടീം 8.4 കോടി രൂപയ്ക്ക് ടീമിലെടുത്തതോടെയാണ് വരുൺ ചക്രവർത്തി ഇന്ത്യൻ ക്രിക്കറ്റിന്റെ ശ്രദ്ധാകേന്ദ്രമായത്. ആദ്യ സീസണ്‍ അത്ര നന്നായില്ലെങ്കിലും, ഇത്തവണത്തെ താരലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 4 കോടി രൂപയ്ക്ക് താരത്തെ വീണ്ടും ടീമിലെടുത്തു. ഇത്തവണ വരുൺ മോശമാക്കിയില്ല. സീസണിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തം പേരിലാക്കി മിന്നുന്ന ഫോമിലാണ് താരം.

ഇതിനു പിന്നാലെ വരുൺ ചക്രവർത്തിയുമായി ബന്ധപ്പെട്ട മറ്റൊരു കൗതുകമാണ് ഇപ്പോൾ ക്രിക്കറ്റ് വൃത്തങ്ങളിലെ ചർച്ചാ വിഷയം. ക്രിക്കറ്റ് കളത്തിനു പുറമെ, തമിഴ് സിനിമയിലും അഭിനയിച്ച താരമാണ് വരുൺ ചക്രവർത്തി! 2014ൽ പുറത്തിറങ്ങിയ തമിഴ് സിനിമയായ ‘ജീവ’യിലാണ് വരുൺ ചക്രവർത്തിയും ഒരു വേഷം അഭിനയിച്ചത്. വിഷ്ണു വിശാൽ, ശ്രീദിവ്യ, സൂരി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ സിനിമ സുശീന്തിരനാണ് സംവിധാനം ചെയ്തത്.

വരുണിനുമുണ്ട് കേരളവുമായി ബന്ധം

ബിഎസ്എൻഎൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജരായ സി.വി വിനോദ് ചക്രവർത്തിയുടെ മകനാണ് വരുണ്‍. വിനോദിന്റെ അമ്മ വിമല മാവേലിക്കര സ്വദേശിയാണ്. ബന്ധുക്കൾ മാവേലിക്കരയിലും കിളിമാനൂരുമെല്ലാമുണ്ട്. വരുണും ഇവിടെയെല്ലാം വന്നിട്ടുണ്ട്. വരുണിനും മലയാളം മനസ്സിലാവുമെന്നു വിനോദ് പറയുന്നു.

×