സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ ധൂർത്തും പിടിപ്പുകേടും : വിഡി സതീശൻ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, November 19, 2019

തിരുവനന്തപുരം : സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ ധൂർത്തും പിടിപ്പുകേടും ധനകാര്യ മാനേജ്‌മെന്റിലെ പാളിച്ചയുമെന്ന് ആരോപിച്ച് വിഡി സതീശൻ. ധനപ്രതിസന്ധിയും ട്രഷറി നിയന്ത്രണവും മൂലം വികസന പദ്ധതികൾ സ്തംഭിച്ചുവെന്ന് പ്രതിപക്ഷം സഭയിൽ ആരോപിച്ചു.

വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. വിഡി സതീശൻ ആണ് നോട്ടീസ് നൽകിയത്. സംസ്ഥാനം സാമ്പത്തിക അടിയന്തരാവസ്ഥയിലാണെന്നും ധനമന്ത്രി കാര്യങ്ങളെ നിസാരമായി കാണുന്നുവെന്നും സാമ്പത്തിക പ്രതിസന്ധി കാരണം 1133 കോടിയുടെ ബില്ലുകൾ മാറിയിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു.

ബില്ലുകൾ പെന്റിങ് ആയത് കാരണം പല കരാറുകാരും പദ്ധതികൾ ഏറ്റെടുക്കാൻ തയ്യാറാകുന്നില്ല. 23000 കോടി രൂപ സർക്കാർ നികുതി പിരിച്ചെടുക്കാൻ ഉണ്ട്. സംസ്ഥാനത്തിന്റെ ആളോഹരി കടവും പൊതു കടവും വർധിച്ചു. പദ്ധതി വിഹിതം വെട്ടിക്കുറക്കേണ്ട വിധം രൂക്ഷമാണ് സാമ്പത്തിക പ്രതിസന്ധി.

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പുറത്ത് അറിയാതിരിക്കാൻ പുരപ്പുറത്ത് ഉണക്കാൻ ഇട്ടേക്കുന്ന പട്ടു കോണകം ആണ് കിഫ്ബി. നികുതി ചോർച്ച തടയുന്നതിൽ സർക്കാർ പരാജയം. അപ്പീലുകൾ തീർപ്പാക്കുന്നതിൽ സർക്കാർ പരാജയമാണെന്നും സംസ്ഥാനത്തെ ധൂർത്ത് നിയന്ത്രിക്കാൻ ധനമന്ത്രിക്ക് സാധിക്കുന്നില്ലെന്നും വിഡി സതീശൻ പറഞ്ഞു.

×