പിണങ്ങി പോയ ഭാര്യയെ കൂട്ടിക്കൊണ്ടു പോകാനെത്തിയ ഭര്‍ത്താവും സംഘവും ബന്ധുവിന്റെ കാല്‍ തല്ലിയൊടിച്ചു ; ഭര്‍ത്താവ് ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Saturday, February 22, 2020

വെച്ചൂച്ചിറ : പിണങ്ങി പോയ ഭാര്യയെ കൂട്ടിക്കൊണ്ടു പോകാനെത്തിയ ഭര്‍ത്താവും സംഘവും സ്ത്രീയുടെ ബന്ധുവിന്റെ കാല്‍ തല്ലിയൊടിച്ചു. ഭര്‍ത്താവ് ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍. വെച്ചൂച്ചിറ ചാത്തന്‍തറതടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന പുഞ്ചവയല്‍ സ്വദേശി ദേവരാജനാണ് (55) പരുക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഘത്തിലുണ്ടായിരുന്ന സ്ത്രീയുടെ ഭര്‍ത്താവ് തിരുവനന്തപുരം വിളവൂര്‍കോണം കുന്നുംപുറത്ത് ജയബാബു (51), മകന്‍ അരുണ്‍ ബാബു (22), മകന്റെ സുഹൃത്തുക്കളായ രഞ്ജിത്ത് (26),വിഷ്ണു (22), ബിബിന്‍ ജോസ് (20), ഫ്രെഡി (22),രതീഷ് (31) എന്നിവരെയാണ് വെച്ചൂച്ചിറ എസ്എച്ച്ഒ ആര്‍. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

2 ദിവസം മുന്‍പാണ് തിരുവനന്തപുരത്തുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന്പിണങ്ങിയെത്തിയ സ്ത്രീ തനിച്ച് താമസിക്കുന്ന ദേവരാജനൊപ്പം കൂടിയതെന്ന് പൊലീസ് പറഞ്ഞു.

ദേവരാജന്റെ വീട്ടില്‍ കഴിഞ്ഞ ഭാര്യയെ കൂട്ടിക്കൊണ്ടു പോകാനാണ് ജയബാബുവും സംഘവും എത്തിയത്. സ്ത്രീ പോകാന്‍ തയ്യാറാകാതെ വന്നത് വാക്കുതര്‍ക്കത്തിനിടയാക്കി. തുടര്‍ന്നാണ് ദേവരാജനെ സംഘം മര്‍ദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു.

×